കോഴിക്കോട്: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺനമ്പർ എഴുതിയിട്ടതിനെത്തുടർന്ന് അശ്ലീല ഫോൺ കോളുകളുടെ പ്രവാഹമെന്നു പരാതി. വ്യക്തിവിരോധം കാരണം ചെയ്തതെന്ന സംശയത്തിൽ യുവതി പോലീസിനും റെയിൽവേ പോലീസിനും പരാതി നൽകി.
വളാഞ്ചേരി സ്വദേശിയുടെ നമ്പറാണ് കണ്ണൂർ–ഷൊർണൂർ മെമുവിലെ ശുചിമുറിയിൽ എഴുതിവച്ചത്. യുവതിയുടെ പേരും അശ്ലീലച്ചുവയുള്ള വാചകങ്ങളും നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വടകര സ്വദേശിയായ ഒരാൾക്കെതിരേ കോഴിക്കോട് കസബ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരിക്കാം നമ്പർ എഴുതിവച്ചത് എന്നാണു പരാതിക്കാരിയുടെ ആരോപണം.
ഫോണിലേക്ക് തുടർച്ചയായി മോശം ഭാഷയിലുള്ള വിളികൾ വന്നുതുടങ്ങിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നു തിരിച്ചറിഞ്ഞില്ല. ഇതിനിടെ ട്രെയിൻ യാത്രക്കാരിൽ ഒരാളാണു നമ്പർ ശുചിമുറിയിൽ കണ്ടതായി യുവതിയെ വിളിച്ചറിയിച്ചത്.