പയ്യന്നൂര്‍: വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെതിരെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ നവംബര്‍ 28നു മുമ്പാണു പരാതിക്കാസ്പദമായ സംഭവം.
മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍നിന്നും സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയുടെ ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ദുരുപയോഗം ചെയ്തതായുമാണ് പരാതി. ഹാക്ക് ചെയ്ത് ചോർത്തിയെടുത്ത സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പരാതി നല്‍കിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ മാത്രം പരിചയമുള്ള പരാതിക്കാരിയായ വനിതാ ഡോക്ടറെയല്ല ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയെയാണ് ഹാക്കർ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്.
സന്ദേശം വനിതാ ഡോക്ടറുടെ ഫോണിലേക്കു തന്നെ വന്നതോടെയാണ് സംശയം തോന്നി ഇവർ പരാതി നൽകിയത്. സ്ഥാപനത്തിന്റെ എംഡിയുടെ സുഹൃത്തായി എത്തിയിരുന്ന പ്രതിയെ പോലീസ് നേരത്തെ ചോദ്യം ചെയ്തതായും വിവരമുണ്ട്.