വടക്കഞ്ചേരി: എത്രയോ പേർക്ക് സന്ദേശങ്ങൾ കൈമാറിയ ഫോണുകളാണ് ഇവിടെ നിശബ്ദമായി കിടക്കുന്നത്.
സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും പ്രണയത്തിന്റെയും ഭീക്ഷണികളുടെയും വിവരങ്ങളുടെയുമൊക്കെ സ്വരങ്ങൾ ഇതിലൂടെ കടന്നു പോയിട്ടുണ്ടാകും.
വീട്ടിൽ ഒരു ലാന്റ് ഫോണ് എന്നത് മൂന്ന് പതിറ്റാണ്ട് മുന്പുവരെ ആളുകളുടെയെല്ലാം ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. പോസ്റ്റ് വഴി കേബിൾ വലിച്ച് ഫോണ് സ്ഥാപിക്കുക എന്നത് സന്പന്നതയുടെ സൂചകങ്ങളായി കണ്ടിരുന്ന കാലം.
ഗ്രാമങ്ങളിലെല്ലാം ഫോണ് ഒരു അത്ഭുത വസ്തുതന്നെയായിരുന്നു. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരോ മറ്റോ നാട്ടിലെ ഉറ്റവരോട് വിവരങ്ങൾ അറിയിച്ചിരുന്നത് അടുത്ത വലിയ വീട്ടിലെ ഫോണിലേക്ക് വിളിച്ചായിരുന്നു.
ആഴ്ചയിലോ മാസത്തിലോ വേണ്ടപ്പെട്ടവർ വിളിക്കുന്ന സമയം ഫോണിൽ സംസാരിക്കാൻ ഫോണുള്ള വീടിനു മുന്നിൽ ഈഴം കാത്തു നിന്നിരുന്ന കാലമെല്ലാം ഓർമ്മയിലേക്ക് ഒതുങ്ങുകയാണ്.
ഫോണിൽ ബെല്ലടിക്കുന്ന ശബ്ദം അടുത്തിരുന്ന് കേൾക്കാൻ തിക്കിതിരക്കിയിരുന്നത് ഇപ്പോഴത്തെ മധ്യവയസ്ക്കരുടെയും പ്രായമായവരുടെയും ഓർമ്മകളിൽ നിന്നും ഇന്നും മാഞ്ഞു പോകാനിടയില്ല. കാലചക്രത്തിൽ എല്ലാം മിന്നിമറയുകയാണ്.
മൊബൈൽ ഫോണ് പ്രചാരത്തിലായതോടെ ഇടക്കിടെ പണിമുടക്കി നിശബ്ദമാകുന്ന ലാന്റ് ഫോണിനോട് പുതുതലമുറക്ക് അത്ര താല്പര്യമൊന്നുമില്ലാതായി.
പക്ഷേ, വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവർക്കിന്നും ലാന്റ് ഫോണിൽ സംസാരിക്കാനാണ് ഇഷ്ട കൂടുതൽ.
യാതൊരു ധൃതിയോ ബഹളമോ ഇല്ലാതെ അടുത്തിരുന്ന് പരസ്പരം സംസാരിക്കുന്ന പോലെ സംസാരിക്കാമെന്നാണ് പ്രായമായവർ പറയുന്നത്.
മൊബൈൽ ഫോണിന്റെ പ്രവർത്തന സംവിധാനങ്ങൾ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുന്നവരാണെങ്കിൽ പിന്നെ പറയണ്ട.
ഇന്ന് ഏത് ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവരായാലും റേഞ്ചുള്ള മൊബൈൽ കണക്ഷനുകളുണ്ട്.
ലാന്റ് ഫോണിന്റെ സർവീസ് തൃപ്തികരമല്ലാത്തതിനാൽ ലാന്റ് ഫോണുകൾ സറണ്ടർ ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്.
ഫോണിന്റെ റിപ്പയർ പണികളെല്ലാം കരാറുക്കാരെ ഏല്പിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. പരാതിപ്പെട്ടിട്ടും നടപടി വൈകുന്നു. പഴയ കാല മഹിമകൾ പറഞ്ഞ് ലാന്റ് ഫോണ് നിലനിർത്താൻ പലരും തയ്യാറാകുന്നില്ല.