കുഞ്ഞാവ ട്രോളുകളും കുഞ്ഞാവയുടെ പണികൊടുക്കലുകളും സോഷ്യല്‍മീഡിയ വഴി എല്ലാവര്ക്കും പരിചിതമാണ്. അതുപോലെ ചൈനയിലെ ഒരു കുഞ്ഞാവ സ്വന്തം അമ്മയ്ക്ക് കൊടുത്തത് എട്ടിന്റെയും പതിനാറിന്റെയുമൊന്നും പണിയല്ല. മറിച്ച്, 47-ന്റെ പണിയാണ്. തെറ്റായ പാസ്വേഡ് നല്‍കിക്കൊണ്ട് അമ്മയുടെ ഫോണ്‍ 47 വര്‍ഷത്തേക്കാണ് കുഞ്ഞാവ പൂട്ടിയത്.
ചൈനയിലെ ഷാംഗോയിലാണ് സംഭവം. ലൂ എന്ന യുവതിയുടെ ഐഫോണാണ് രണ്ടുവയസുകാരനായ മകന് 250 ലക്ഷം മിനിറ്റ് നേരത്തേക്ക് അതായത് 47 വര്‍ഷത്തേയ്ക്ക് ലോക്ക് ചെയ്തത്. ഓരോ തവണയും തെറ്റായ പാസ്വേഡ് നല്കുമ്പോഴും ഫോണ്‍ ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആകും. ഇത്തരത്തില്‍ നിരവധി തവണ പാസ്വേഡ് കൊടുത്തപ്പോഴാണ് 47 വര്‍ഷങ്ങള്‍ക്കു തുല്യമായ സമയത്തേക്ക് ഐഫോണ്‍ ലോക്കായത്. ഫോണ്‍ ലോക്കായതിനെ തുടര്‍ന്ന് യുവതി ഷാംഗായിലെ ആപ്പിള്‍ സ്റ്റോറിനെ സമീപിച്ചു.
രണ്ടു പരിഹാരങ്ങളാണ് ഈ പ്രശ്നത്തിനുള്ളതെന്നാണ് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് യുവതിയോടു പറഞ്ഞത്. ഒന്നുകില്‍ 47 വര്‍ഷം കാത്തിരിക്കുക. അല്ലെങ്കില്‍ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ മായിച്ചുകളഞ്ഞ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് അണ്‍ലോക്ക് ചെയ്യാം. 47 വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍ യുവതി ഫയലുകള്‍ ഫോര്‍മാറ്റ് ചെയ്ത് ഫോണ്‍ തുറക്കുകയായിരുന്നു. പാസ്വേഡ് തെറ്റിച്ചു നല്കി ഫോണ്‍ 80 വര്‍ഷങ്ങളോളം ലോക്ക് ആയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് ആപ്പിള്‍ സ്റ്റോറിന്റെ ഉടമ പറഞ്ഞു. രണ്ടുമാസത്തോളം ഫോണ്‍ തുറന്നുകിട്ടാനായി കാത്തിരുന്ന ശേഷമാണ് യുവതി ആപ്പിള്‍ സ്റ്റോറിനെ സമീപിച്ചത്.