രാജ്യത്തെ എല്ലാ പ്രീപെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ ഉപഭോക്താക്കളും ആധാറുമായി ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതുമായി ബന്ധപെട്ട നോട്ടീസ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അയച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ത്യയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധമാകും.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും തിരിച്ചറിയല്‍ രേഖ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തിലാണ് ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.
വരുന്ന മാസങ്ങളില്‍ ഉപഭോക്താക്കളെ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സേവനദാതാക്കള്‍ ആരംഭിക്കുമെന്നാണ് സൂചന. പുതിയ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് എടുക്കുമ്പോള്‍ ആധാര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. പഴയ ഉപഭോക്താക്കളുടെ ആധാര്‍ നമ്പറുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ പുതിയ പദ്ധതി കൊണ്ടുവരും.ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍ നോട്ട നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയില്‍ ട്രായ്, ടെലികോം ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതുമായി ബന്ധപെട്ട കാര്യങ്ങള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നു. പുതിയ പ്രക്രിയയെക്കുറിച്ച് സോവനദാതാക്കള്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന തീരുമാനം യോഗത്തില്‍ എല്ലാ ഫോണ്‍ നമ്പറും ആധാറുമായി ബന്ധപ്പെടുത്തിയോ എന്നതിന്റെ മേല്‍നോട്ട നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നിര്‍ദേശം.