കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പിലാത്തറയ്ക്കടുത്ത് ചെറുതാഴം സ്വദേശി വിജേഷ് (35) നെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, സിവിൽ പോലീസ് ഓഫീസർമാരായ റെയ്സ്, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് കൊളത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നു മാസങ്ങളായി കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. നിരവധി തവണ ഭീഷണി ഫോൺ കോളുകൾ വന്നതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും സൈബർസെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷ് അറസ്റ്റിലാകുന്നത്.