ചങ്ങനാശേരി: വീട്ടമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി ജോബി ജോണ് (31), ഹരിപ്പാട് സ്വദേശി രാഹുൽ (29) എന്നിവരാണ് പിടിയിലായത്.
പരാതിയിൽ പറഞ്ഞ ഫോണ് നന്പരിൽ ഫോണ് നന്പർ പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ഞായറാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്റെ ഭാഗമായാണ് രണ്ട് പേർ കൂടി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
തയ്യൽ ജോലി ചെയ്തു കുടുംബം പോറ്റുന്ന വീട്ടമ്മയെ സാമൂഹിക വിരുദ്ധർ ഫോണ് ചെയ്ത് ശല്യപ്പെടുത്തിയ സംഭവത്തിൽ മുഖ്യ മന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്.
ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറന്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറന്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണന്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശ്ശൂർ കല്ലിടുക്ക് ചുമന്ന മണ്ണ് കടുങ്ങാട്ടുപറന്പിൽ വിപിൻ (33) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കൊച്ചി റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
ഇത്തിത്താനം കുരിട്ടിമലയിൽ വാടക കെട്ടിടത്തിൽ തയ്യൽ സ്ഥാപനം നടത്തുന്ന വീട്ടമ്മയാണ് കഴിഞ്ഞ ഒന്പതു മാസമായി ദുരിതമനുഭവിച്ചിരുന്നത്. പരാതി നൽകിയെങ്കിലും മന്ദഗതിയിലായിരുന്ന അന്വേഷണം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വേഗത്തിലായി.
ഇന്നലെ രാവിലെ കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത ചങ്ങനാശേരിയിൽ നേരിട്ടെത്തി അന്വേഷണത്തിന്റെ സ്ഥിതി ഗതികൾ വിലയിരുത്തി.ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിലേക്ക് വീട്ടമ്മയുടെ പരാതിയിൽ പറയുന്ന മൊബൈൽ നന്പറുകളുടെ ഉടമസ്ഥരെ പോലീസ് വിളിച്ചു വരുത്തി.
വിവിധ ജില്ലകളിൽ നിന്നുള്ള 44 ഓളം പേരെ വിളിച്ചതിൽ 28 പേരാണ് എത്തിയത്. ഇതിൽ നന്പർ മോശമായി പ്രചരിപ്പിച്ച പ്രധാന പ്രതികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
സാമൂഹ്യ വിരുദ്ധർ ഫോണ് നന്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന്, അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്ത വീട്ടമ്മ സാമൂഹിക മാധ്യമത്തിൽ കൂടി ദുരനുഭവം പങ്കുവച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയത്.വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ നന്പർ ആദ്യം പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്തേണ്ടതുണ്ട്.
ഇതിനായി സൈബർ സെൽ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കേസിൽകൂടുതൽ അറസ്റ്റുകൾ വൈകാതെ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പ, ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, സിഐ പ്രശാന്ത് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.