സാങ്കേതിക വിദ്യയുടെ പുരോഗതിയ്ക്കൊപ്പം തട്ടിപ്പുകാരുടെ എണ്ണവും അനുദിനം പെരുകുകയാണ്. ഓണ്ലൈന് ലോട്ടറിയുടെ പേരിലായിരുന്നു ആദ്യകാല തട്ടിപ്പെങ്കില് പിന്നീടത് എടിഎം കാര്ഡിലേക്കും ഇപ്പോള് ഞൊടിയിടയില് പണം കൈമാറാവുന്ന ഓണ്ലൈന് യുപിഐ(യൂണിഫൈഡ് പേയ്മെന്റ് ഇന്റര്ഫേസ്) തലത്തിലേക്കും മാറിയിരിക്കുകയാണ്.
ഇപ്പോള് ഓണ്ലൈന് പേയ്മെന്റ് സംവിധാനമായ ഫോണ്പേയുടെ പേരിലാണ് വലിയൊരു തട്ടിപ്പ് അരങ്ങേറുന്നത്. ഫോണ്പേ പോലുള്ള ഓണ്ലൈന് പേയ്മെന്റ് സംവിധാനങ്ങളില് പണം അയയ്ക്കുകയും ബില് അടയ്ക്കുകയുമൊക്കെ ചെയ്യുമ്പോള് ക്യാഷ്ബാക്ക് ഓഫര് ചെയ്യുന്ന സ്ക്രാച്ച് കാര്ഡ് ലഭിക്കുക പതിവാണ്.
ഇതിന്റെ മറപിടിച്ചാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. ഇത്തരത്തില് ‘സ്പാം’ മെസേജായി തട്ടിപ്പുകാര് തട്ടിപ്പിനായി ഉപയോഗിക്കുന്ന വെബ്സൈറ്റ് ലിങ്ക് നമ്മുടെ ഫോണിലേക്ക് അയയ്ക്കുകയാണ് ആദ്യ പടി.
ലിങ്കില് ഒരു സ്ക്രാച്ച് കാര്ഡ് കാണാന് സാധിക്കും. ഇത് നമ്മള് ചുരണ്ടുമ്പോള് 4999 രൂപയില് താഴെയുള്ള ഒരു തുക നമുക്ക് ലഭിച്ചതായി അവിടെ കാണിക്കും.
ഇത് ലഭിക്കാനായി ഫോണ്പേ ആപ്പിലേക്ക് പോകാനാണ് അടുത്ത നിര്ദ്ദേശം. ഇപ്രകാരം ഈ ലിങ്കില് ക്ലിക്ക് ചെയ്ത് നമ്മള് ഫോണ് പേ ആപ്പ് തുറക്കുമ്പോള് നേരെ പേയ്മെന്റ് ഓപ്ഷനിലോട്ടാണ് പോവുക.
ഇനിയാണ് തട്ടിപ്പ്. അവിടെ രണ്ട് അക്കൗണ്ടുകളാണ് കാണിക്കുക ഒന്ന് പണം വരാനുള്ളതും പിന്നെ പണം ഡെബിറ്റ് ആകാനുള്ളതും.
എന്നാല് receive എന്നതിനു പകരം send എന്നായിരിക്കും അവിടെ കാണിക്കുക. debit അക്കൗണ്ടിന്റെ സ്ഥാനത്താകും നമ്മുടെ അക്കൗണ്ട് കാണിക്കുക credit അക്കൗണ്ടിന്റെ സ്ഥാനത്ത് അജ്ഞാതന്റെ അക്കൗണ്ടും കാണിക്കും.
നമ്മള് പണം കിട്ടാനുള്ള ആര്ത്തിയില് ഇത് ശ്രദ്ധിക്കാതെ sendല് വിരലമര്ത്തും. ഉടന് നമ്മുടെ അക്കൗണ്ടില് നിന്നും പണം നഷ്ടമാവുകയും ചെയ്യും. ഇങ്ങനെ നിരവധി ആളുകള്ക്കാണ് പണം നഷ്ടമായിരിക്കുന്നത്. സൂക്ഷിച്ചാല് ദുഖിക്കേണ്ട.