തന്നെ കൂട്ട മാനഭംഗം ചെയ്ത ഉയർന്ന ജാതിയിൽപ്പെട്ടവരെ വകവരുത്തുന്നത് ഇനിയും വൈകിക്കൂടായെന്നു ഫൂലൻ ഉറച്ചു. പ്രതികാരദാഹിയായ ഫൂലൻ സംഘാംഗങ്ങളെയുംകൂട്ടി തന്നെ ഉപദ്രവിച്ച താക്കൂർമാർ താമസിക്കുന്ന ബഹ്മായി ഗ്രാമത്തിലേക്കു നീങ്ങി.
1991 ഫെബ്രുവരി 14ന് വൈകിട്ട് പോലീസുകാരുടെ വേഷത്തിൽ ഫൂലനും സംഘവും ബഹ്മായി ഗ്രാമത്തിലെത്തി. അവരവിടെയെത്തുന്പോൾ ആ ഗ്രാമം ഒരു വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. ഫൂലനും സംഘവും ഗ്രാമം വളഞ്ഞു.
രണ്ടു യുവാക്കളെ പിടികൂടി. തന്നെ ഉപദ്രവിച്ചവരെ കാട്ടിക്കൊടുക്കാൻ പിടിയിലായവരോടു ഫൂലൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. പകയുടെ തീക്കനലിൽ ചവിട്ടിനിന്ന ഫൂലൻ ആ ഗ്രാമത്തിനു തീയിടാൻ അനുയായികളോടു നിർദേശിച്ചു.
തുടർന്ന് 22 യുവാക്കളെ പിടികൂടി വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ ഫൂലനെ ഉപദ്രവിച്ചവർ ആരും ഇല്ലായിരുന്നെന്നും ചിലർ ഉണ്ടായിരുന്നെന്നുമൊക്കെ അഭിപ്രായമുണ്ട്.
എന്തായാലും ഈ സംഭവം രാജ്യത്തെ നടുക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സ്ത്രീ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയായി ഈ സംഭവം മാറി. ഫൂലൻ എന്ന കൊള്ളക്കാരിയുടെ കഥകൾ നാട്ടിലെങ്ങും നിറഞ്ഞു.
ഇന്ദിരാ ഗാന്ധി ഇടപെടുന്നു
ബഹ്മായി കൂട്ടക്കൊല അവിടെ നിന്നില്ല. അതുവലിയ രാഷ്ട്രീയ വിവാദമായി വളർന്നു. അതിന്റെ പേരിൽ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി വി.പി സിംഗിനു രാജിവയ്ക്കേണ്ടി വന്നു. ഇതോടെ ഫൂലനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു താക്കൂർമാർ പ്രതിഷേധവുമായി രംഗത്തെത്തി.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വരെ വിഷയത്തിൽ ഇടപെട്ടു. ഫൂലനെ പിടികൂടാൻ പോലീസ് പഠിച്ചപണി പതിനെട്ടും പയറ്റി. പക്ഷേ, നാട്ടിലെ പാവപ്പെട്ടവരായ ഗ്രാമവാസികൾ ഫൂലനു സുരക്ഷാവലയം തീർത്തു രക്ഷപ്പെടുത്തി കൊണ്ടേയിരുന്നു. ഗ്രാമവാസികൾ ഒപ്പം നിൽക്കുന്ന കാലത്തോളം ഫൂലനെ പിടിക്കുക എത്ര എളുപ്പമല്ലെന്നു പോലീസിനും അധികാരികൾക്കും വ്യക്തമായി.
ഒടുവിൽ ഇന്ദിരാഗാന്ധി തന്നെ ഫൂലനെ നേർവഴിക്കുകൊണ്ടുവരാൻ മുൻകൈയെടുത്തു. അവരുടെ നിർദേശപ്രകാരം ഫൂലനു കീഴടങ്ങാനുള്ള ഒരു ധാരണ സർക്കാരുണ്ടാക്കി. കീഴടങ്ങുന്നതിനു മുന്‍പ് ഫൂലനും ചില നിർദേശങ്ങൾ വച്ചു.
തനിക്കും തന്റെ സംഘാംഗങ്ങൾക്കും വധശിക്ഷ നൽകരുത്. എട്ടു വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ തരരുത്, തന്റെ കുടുംബാംഗങ്ങൾക്കു പോലീസ് സംരക്ഷണം നൽകണം തുടങ്ങിയ ഫൂലന്റെ നിർദേശങ്ങളെല്ലാം സർക്കാർ അംഗീകരിച്ചു.
ഉത്തർപ്രദേശ് സർക്കാരിനു മുന്പിൽ കീഴടങ്ങില്ലെന്നു വ്യക്തമാക്കിയ ഫൂലൻ മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിംഗിനു മുന്നിൽ 1983 ഫെബ്രുവരിയിൽ കീഴടങ്ങി. പലരുടെയും വലിയൊരു പേടിസ്വപ്നത്തിനും അതോടെ വിരാമമായി.
പിന്നെ വിചാരണയുടെ കാലം. 83ല്‍ തുടങ്ങിയ വിചാരണ നീണ്ടു നിന്നത് 11 വര്‍ഷമാണ്. പിന്നീട് ഫൂലനെതിരായ എല്ലാ കേസുകളും അന്നത്തെ യുപി മുഖ്യമന്ത്രി മുലായം സിംഗ് സർക്കാർ എഴുതിത്തള്ളി.
അങ്ങനെ ബാണ്ഡിറ്റ് ക്യൂന്‍ 1994ല്‍ ജയിൽ മോചിതയായി. അവരുടെ ജീവിതത്തിനു പുതിയൊരു അധ്യായം. അടുത്ത വര്‍ഷം ഉമേദ് സിംഗ് എന്നയാളെ വിവാഹം ഫൂലൻ വിവാഹം കഴിച്ചു. പിന്നീട് ഫൂലനും ഭർത്താവും ബുദ്ധമതത്തിൽ ചേർന്നു.
ലോക്സഭയിലേക്ക്
ജയില്‍ മോചനത്തിനു രണ്ടു വര്‍ഷത്തിനു ശേഷം 1996ല്‍ ഫൂലന് ദേവി പതിനൊന്നാം ലോക്സഭയില്‍ അംഗമായി. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച ഫൂലന് മിര്സാപൂരില്നിന്നുമാണ് ലോക്സഭയില്‍ എത്തിയത്.
ശത്രുക്കൾ ധാരാളമുള്ളതിനാൽ അതീവ സുരക്ഷയിലായിരുന്നു ഫൂലന്‍ദേവി എപ്പോഴും സഞ്ചരിച്ചിരുന്നത്. ബോഡിഗാര്‍ഡുകളില്‍ പോലും ശത്രുക്കൾ കടന്നുകയറിയായി അവൾ സംശയിച്ചിരുന്നു. താന്‍ ധരിച്ചിരുന്ന സുരക്ഷാ കവചത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് ആകെ വിശ്വാസമുണ്ടായിരുന്നത്.
എന്തായാലും അവരുടെ സംശയം തെറ്റിയില്ല. 2001 ജൂലൈ 26ന് ഉച്ചയ്ക്ക് ഒന്നരയ്ക്കു മുഖംമൂടി ധരിച്ച മൂന്നു തോക്കുധാരികള്‍ ഡല്‍ഹിയിലെ വസതിയില്‍ വച്ച് ഫൂലന്ദേവിക്കു നേരെ വെടിയുതിര്‍ത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആ സാഹസിക ജീവിതം അവസാനിച്ചിരുന്നു.
അക്രമികളെ പിന്നീടു പോലീസ് അറസ്റ്റ് ചെയ്തു. ഫൂലന് ദേവിയുടെ മരണത്തില്‍ ഭര്‍ത്താവിനു പങ്കുള്ളതായി സംശയിച്ചിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ അയാളെ കുറ്റവിമുക്തനാക്കി.
ബെഹ്മായികളെ വധിച്ചതിലുള്ള പ്രതികാരം
1981ല്‍ ഫൂലന് ബെഹ്മായികളെ വധിച്ചതിനുള്ള പ്രതികാരമായിട്ടാണ് താന്‍ ഫൂലന്റെ ജീവനെടുത്തതെന്ന് അക്രമികൾക്കു നേതൃത്വം നൽകിയ ഷേര്‍സിംഗ് റാണ വെളിപ്പെടുത്തി.
കൃത്യം നടത്തുന്ന സമയത്തു തനിക്കു രണ്ട് കൂട്ടാളികളുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ മീററ്റുകാരനായ ബന്ധു രവീന്ദര്‍ സിംഗ് ആണെന്നും അയാള്‍ പറഞ്ഞു. 22 ബെഹ്മായികളെ ഫൂലന്ദേവിയും സംഘവും കൊലപ്പെടുത്തുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും റാണ പറഞ്ഞു.
തനിക്കു ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു – ഒന്ന് ഫൂലന് ദേവിയെ വധിക്കുക, രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരുക എന്നതായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയിരുന്നു.
എന്നിരുന്നാലും ഫൂലന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഒപ്പം കൂടിയവരാണ് ഫൂലനെ കൊല്ലാൻ ഒത്താശ ചെയ്തതെന്നും ആരോപണമുയർന്നിരുന്നു.
ഫൂലന് സിനിമകളും ജനപ്രിയമായി
ഫൂലന്‍ദേവിയുടെ ജീവിതം ആസ്പദമാക്കി 1994ല്‍ പുറത്തിറങ്ങിയ ബാണ്ഡിറ്റ് ക്യൂന്‍ എന്ന സിനിമ ലോകശ്രദ്ധ നേടി. സീമാ ബിശ്വാസായിരുന്നു ചിത്രത്തില്‍ ഫൂലന് ദേവിയായത്.
സിനിമയെപ്പോലും വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ത്ത ഫൂലന് മണ്മറഞ്ഞിട്ട് ഒന്നര 19 വർഷം പിന്നിട്ടിട്ടും ഫൂലന് ദേവി എന്നു കേട്ടാല്‍ ഇന്നും ആളുകള്‍ ഒന്നു ഞെട്ടും.