ആ കാക്കിയിട്ട നരാധമന്മാരുടെ അതിക്രമം അവളെ തകർത്തുകളഞ്ഞിരുന്നു. ഒരു വിധത്തിൽ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ശ്രമം അവൾ നടത്തി. എന്നാൽ, കാര്യങ്ങള്‍ അവിടംകൊണ്ടു തീര്‍ന്നില്ല.
ഫൂലന്റെ സാന്നിധ്യം തനിക്കു തലവേദനയാണെന്നു തിരിച്ചറിഞ്ഞ മായിദീൻ അവൾക്കെതിരേ അടുത്ത നീക്കം നടത്തി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തു തമ്പടിച്ചിരുന്ന ബാബു ഗുജാറെന്ന കൊള്ളക്കാരനെ അയാൾ സമീപിച്ചു.
ഫൂലനെ ഗ്രാമത്തില്‍നിന്നു തട്ടിക്കൊണ്ടു പോകാന്‍ മായദീൻ പണം വാഗ്ദാനം ചെയ്തു ക്വട്ടേഷൻ നൽകി. ഒരു ദിവസം അര്‍ധരാത്രി ബാബു ഗുജാറിന്റെ സംഘാംഗങ്ങള്‍ ഫൂലനെ തട്ടിക്കൊണ്ടുപോയി സംഘത്തലവനു കാഴ്ചവച്ചു.
സംഘാംഗങ്ങൾ നോക്കി നിൽക്കെ ബാബു ഗുജാർ അവളെ കടന്നുപിടിച്ച് ഉപദ്രവിച്ചു. പക്ഷേ, ഗുജാറിന്റെ സംഘത്തിലെ പ്രധാനിയായ വിക്രം മല്ലയ്ക്ക് ഇതിനോടു യോജിക്കാൻ കഴിഞ്ഞില്ല.
നിരപരാധിയും നിസഹായയായ ഒരു പെൺകുട്ടിയെ ഇത്ര ക്രൂരമായ അതിക്രമങ്ങൾക്കു വിധേയയാക്കുന്ന ബാബു ഗുജാറിനോടു മല്ലയ്ക്കു കടുത്ത വിദ്വേഷവും എതിർപ്പും തോന്നി. എങ്കിലും അയാൾ അതു പരസ്യമായി പ്രകടിപ്പിച്ചില്ല.
കടുത്ത പീഡനങ്ങളിലും പിടിച്ചുനിൽക്കുന്ന ഫൂലനോടു മല്ലയ്ക്ക് ഒരു പ്രത്യേക താല്പര്യവും തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം അവസരം ഒത്തുവന്നപ്പോൾ ഗുജാറിനെ മല്ല തോക്കിനിരയാക്കി. ഇതോടെ മല്ല കൊള്ളക്കാരുടെ നേതാവായി.
ഫൂലനെ ഭാര്യയെപ്പോലെ മല്ല ഒപ്പംകൂട്ടി. ഫൂലന്റെ ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ചുരുക്കം ദിനങ്ങളായിരുന്നു അത്. എന്നാൽ, അത് അധികം നീണ്ടുനിന്നില്ല.
വീണ്ടും കഷ്ടകാലം
എന്നാൽ, ഇതിനിടെ കൊള്ളസംഘത്തിൽ മറ്റൊരു ചേരിതിരിവ് ഉരുത്തിരിഞ്ഞു. ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന സമൂഹത്തിൽ കൊള്ളസംഘവും അതിൽനിന്നു മുക്തമായിരുന്നില്ല. മല്ല ഒരു അവർണനായിരുന്നു. ബ്രാഹ്മണർക്കു തൊട്ടുതാഴെ നിൽക്കുന്ന വിഭാഗമായ താക്കൂർ സമുദായാംഗങ്ങൾ കൊള്ളസംഘത്തിൽ പലരുണ്ടായിരുന്നു.
എന്നാൽ, തങ്ങളെയെല്ലാം ഒരു അവർണൻ ഭരിക്കുന്നത് അവർക്കു തീരെ ഇഷ്ടമായിരുന്നില്ല. അവർ മല്ലയെ തീർക്കാൻ പദ്ധതിയിട്ടു. ദിവസങ്ങൾ മുന്നോട്ടു പോകവേ ചതിയിൽപ്പെടുത്തി മല്ലയെ താക്കൂർമാരായ കൊള്ളക്കാർ വകവരുത്തി. ഇതോടെ ഫൂലന്റെ കഷ്ടകാലം പിന്നെയും തുടർന്നു.
മല്ലയുടെ ഇഷ്ടക്കാരിയായ ഫൂലനെ അവര്‍ ബന്ദിയാക്കി. പിന്നെ അവരുടെ വക കടന്നാക്രമണമായിരുന്നു. 21 രാത്രിയും പകലും താക്കൂര്‍മാര്‍ അവളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് മരിക്കുമെന്നു കരുതി അവളെ കാട്ടിൽ ഉപേക്ഷിച്ചു.
എന്നാൽ, അങ്ങനെ മരിക്കാനുള്ളവളായിരുന്നില്ല ഫൂലൻ. ഗ്രാമത്തിലെ പൂജാരിയുടെ സഹായത്തോടെ ഫൂലന് മരണത്തിൽനിന്നു രക്ഷപ്പെട്ടു. പതിയെ അവൾ വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തി. ഇതിനകം തുടർച്ചയായി നേരിട്ട അതിക്രമങ്ങൾ ആ പെൺകുട്ടിയുടെ മനസിനെയും ശരീരത്തെയും മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു.
തിരിച്ചടിച്ചു ഫൂലൻ
താക്കൂർമാരായ കൊള്ളക്കാരുടെ കൊടിയ പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ട ഫൂലന്റെ മനസില്‍ പ്രതികാരത്തിന്റെ തീ ആളിക്കത്തി. ഇങ്ങനെ പോയിട്ടു കാര്യമില്ലെന്ന് അവൾ തീരുമാനിച്ചു. തന്നോടു മനുഷ്യത്വഹീനമായി പെരുമാറിയവരോടൊക്കെ പകരം ചോദിക്കണമെന്ന വാശി അവളിൽ വളർന്നു. പോലീസും നിയമവുമൊന്നും തന്നെ സഹായിക്കില്ലെന്ന് അനുഭവത്തിലൂടെ അവൾ തിരിച്ചറിഞ്ഞിരുന്നു.
അടിക്കു തിരിച്ചടി തന്നെ മറുപടിയെന്ന് അവൾ തീരുമാനിച്ചു. കുറെ നാൾ കൊള്ള സംഘത്തിനൊപ്പം കഴിഞ്ഞിരുന്നതിനാൽ അവിടുത്തെ രീതികളും സംവിധാനവുമൊക്കെ അവൾ മനസിലാക്കിയിരുന്നു. അതു തന്നെയാണ് തന്റെയും വഴിയെന്ന് അവൾ കണക്കാക്കി.
തന്നോട് അതിക്രമം കാട്ടിയവരെയെല്ലാം വകവരുത്താനും തീരുമാനിച്ചു. ആയോധന കലയിൽ പ്രാവീണ്യം നേടിയ കുറച്ചുപേരെ കൂടെക്കൂട്ടി ഫൂലന് പുതിയൊരു സംഘമുണ്ടാക്കി.
അക്കൂട്ടത്തില്‍ മല്ല വിഭാഗത്തില്‍പ്പെട്ട മാന്‍സിംഹ് മല്ലയുമുണ്ടായിരുന്നു. ഫൂലന്റെ വിശ്വസ്തനായി മാൻസിംഹ് മാറി. ആയോധന കലയിലും തോക്ക് ഉപയോഗിക്കുന്നതിലും ഫൂലൻ പ്രാവീണ്യം നേടി. ഉന്നം തെറ്റാതെ വെടിവയ്ക്കാൻ അവൾ പഠിച്ചു.
ദയയെന്ന വികാരം ഇല്ലാതായി
കുഗ്രാമത്തിലെ പെണ്‍കുട്ടിയില്‍നിന്നു പ്രതികാരദുര്ഗയായവള് മാറുകയായിരുന്നു. ഫൂലന്റെ പുതിയ നീക്കങ്ങളെയൊന്നും അവളുടെ എതിരാളികൾ വലിയ കാര്യമാക്കിയിരുന്നില്ല. ഒരു പെണ്ണല്ലേ, അവൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അറിയാമെന്ന മട്ടിലായിരുന്നു അവരുടെ സമീപനം.
എന്നാൽ, അവളുടെ മനസിൽ ദയയെന്ന വികാരം ഇല്ലാതാവുകയായിരുന്നു. അവളൊരു തീപ്പന്തമായി കത്തിപ്പിടിക്കുകയായിരുന്നു. ഇനി തന്റെ പാത ആക്രമണത്തിന്റേതാണെന്ന് അവൾ ഉറപ്പിച്ചു. സംഘത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കിലും കാര്യങ്ങൾ നടക്കണമെങ്കിലും പണം വേണം എന്നവൾ തിരിച്ചറിഞ്ഞു.
പണത്തിനായി കവർച്ചകൾ നടത്താൻ ഫൂലന്റെ സംഘം പദ്ധതിയിട്ടു. തന്റെ ജീവിതം തകർത്ത താക്കൂർമാരെ കൊള്ളയടിക്കാൻ അവൾ തീരുമാനിച്ചു.
അങ്ങനെ നിരവധി താക്കൂർമാർ ഫൂലന്റെ സംഘത്തിന്റെ കൊള്ളകൾക്ക് ഇരകളായി. പണംകൊണ്ട് അവർ കൂടുതൽ ശക്തി നേടി. ഉയർന്ന വിഭാഗക്കാരുടെ സ്വത്തുക്കൾ കൊള്ളയടിച്ചു താഴ്ന്ന വിഭാഗക്കാർക്കു വീതിച്ചു നൽകാനും ഫൂലൻ മടി കാട്ടിയില്ല. ഇതോടെ താഴ്ന്ന വിഭാഗക്കാരുടെ ദേവിയായി അവൾ മാറി.
അധികം വൈകാതെ ആരും ഭയക്കുന്ന കൊടുംകൊള്ളക്കാരിയായി അവൾ മാറുകയായിരുന്നു. ആവശ്യത്തിനു പണവും തന്റെ ആജ്ഞകൾ അനുസരിക്കാൻ വലിയൊരു സേനയെയും ഒരുക്കി ശക്തയായി മാറിയ ഫൂലൻ തന്റെ ജീവിതത്തെ പീഡനങ്ങൾകൊണ്ട് മുറിവേൽപ്പിച്ചവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച ആദ്യ ഭർത്താവ് തന്നെയായിരുന്നു ആദ്യത്തെ ഇര.
അയാളെ തെരഞ്ഞുപിടിച്ചു നന്നായി കൈകാര്യം ചെയ്തു. എന്തുകൊണ്ടോ അയാളെ കൊല്ലാൻ അവൾ തയാറായില്ല. മർദിച്ച് അവശനാക്കിയ ശേഷം ഉപേക്ഷിച്ചു. ഫൂലനും കൊള്ളക്കാരും ചന്പൽ നദിക്കപ്പുറത്തെ കാട്ടിനുള്ളിലാണ് കഴിഞ്ഞിരുന്നത്.
(തുടരും)