ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള പരീക്ഷണങ്ങളും ദൗത്യങ്ങളും ആരംഭിച്ച് കാലം കുറേയായി. ഇപ്പോള്‍ ചൊവ്വയെക്കൂടാതെ ശുക്രനിലും ജീവനുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്.
ഭൂമിയില്‍ ജൈവാവിഷ്ടങ്ങളുടെ വിഘടനത്തെ തുടര്‍ന്നാണ് ഫോസ്ഫൈന് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാലാണ് ഭൂമിയുടെ സമീപഗ്രഹമായ ശുക്രനില്‍ ഈ വാതകത്തിന്റെ സാന്നിധ്യം ജീവന്റെ സൂചനയാണോ എന്ന സംശയത്തിലേക്ക് ശാസ്ത്രലോകം എത്തിക്കുന്നത്.
ഹവായിലും ചിലിയിലെ അറ്റക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളിലൂടെയാണ് ഫോസ്ഫൈന് സാന്നിധ്യം വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. ശുക്രനിലെ 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാഹ്യമേഘപാളികളുടെ നിരീക്ഷണമാണ് ഇവിടെ നടക്കുന്നത്.
ഈയം ഉരുകാന്‍ ഇടയാക്കുന്ന വിധത്തിലുള്ളതാണ് ശുക്രനിലെ പകല്‍ സമയത്തെ താപനില. അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ്. ഇക്കാരണങ്ങള്‍ക്കൊണ്ട് ശുക്രനിലെ ഉപരിതലാവസ്ഥ ജീവന് അനുഗുണമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഫോസ്ഫൈന്റെ സാന്നിധ്യം പുതിയ വെളിച്ചം വീശുന്നത്.
എന്നാല്‍ ഫോസ്ഫറസിന്റെയും ഹൈഡ്രജന്റെയും സംയുക്തമായ ഫോസ്ഫൈന്റെ സാന്നിധ്യം ശുക്രനില്‍ ജീനുള്ളതായി ഉറപ്പു നല്‍കുന്നതല്ലെന്ന് നേച്ചര്‍ അസ്ട്രോണമി (Nature Astronomy)യിലെ ലേഖനത്തില്‍ ചില ഗവേഷകര്‍ പറയുന്നു. ജൈവസാന്നിധ്യംകൊണ്ടല്ലാതെ മറ്റേതോ പ്രവര്‍ത്തനഫലമായാവാം ഫോസ്ഫൈന് ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
ശുക്രനിലെ ഫോസ്ഫൈന് സാന്നിദ്ധ്യത്തെക്കുറിച്ച് വിവിധ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഫോസ്ഫൈന് മാത്രമായി ജൈവസാന്നിധ്യം ഉറപ്പുനല്കാനാവില്ലെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം.
ശുക്രനിലെ അന്തരീക്ഷത്തില്‍ അമ്ലത കൂടുതലായതിനാല്‍ ഫോസ്ഫൈന് വേഗത്തില്‍ തന്നെ അപ്രത്യക്ഷമാകുന്നതിനാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഫോസ്ഫൈനെ കുറിച്ചുള്ള കൂടുതല്‍ വിവരശേഖരണം അസാധ്യവുമാണ്.
ശുക്രനിലെ അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ഫോസ്ഫൈന് കാണപ്പെട്ടാലും ജൈവസാന്നിദ്ധ്യത്തിന് സാധ്യത കുറവാണെന്ന് ചില ഗവേഷകര്‍ പറയുന്നു. എന്തൊക്കെയായാലും ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.