ബന്തിയോട്: സഹായം അഭ്യർഥിച്ചെത്തിയ യുവതിക്കൊപ്പം ഗൃഹനാഥനെ നിർത്തി ഫോട്ടോയെടുത്ത് പണം തട്ടിയതായി പരാതി. സംഭവം ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ ബൈക്കു തടഞ്ഞു നിർത്തി ആക്രമിച്ചു. ബൈക്കും തകർത്തു. ബന്തിയോട് പച്ചന്പള വില്ലേജ് ഓഫിസിന് സമീപത്തെ അബൂബക്കറി (39)നെ കുന്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുബനൂരിലാണ് സംഭവം. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് അബൂബക്കർ പരാതിപ്പെട്ടു.
ഏതാനും ദിവസം മുന്പ് പച്ചന്പളയിലെ ഒരു വീട്ടിൽ ഒരു യുവതി സഹായം അഭ്യർഥിച്ചെത്തിയിരുന്നു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പണമെടുക്കാനായി ഗൃഹനാഥൻ വീട്ടിനകത്തു കയറിയപ്പോൾ പിന്നാലെ തന്നെ യുവതിയും കയറി. ഇതിനിടയിൽ ആറുപേരെത്തി വീടുവളയുകയും ചെയ്തു. തുടർന്ന് ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ചു നിർത്തി ഫോട്ടോയെടുക്കുകയും ഭീഷണിപ്പെടുത്തിയ ശേഷം 25,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. പിന്നീട് വീണ്ടും വീട്ടിലെത്തിയ സംഘം കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്തപ്പോൾ ക്രിക്കറ്റ് സ്റ്റന്പും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇയാൾ പരാതിപ്പെട്ടു.