ക്ഷമയുടെ നെല്ലിപ്പലക കാണുന്ന അവസരത്തില്‍ ആളുകള്‍ക്ക് ചിലപ്പോള്‍ ഒന്നും പറയാന്‍ സാധിക്കാതെ വരും. ഞെട്ടിത്തരിക്കുക എന്ന് പച്ചമലയാളത്തില്‍ പറയും. ഇത്തരമൊരവസ്ഥയില്‍ പെട്ട പോലീസുകാരന്റെയും അതിന് കാരണക്കാരായ ഒരു കുടുംബത്തിന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പേര് വ്യക്തമല്ലാത്ത ആരോ ഒരാള്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. പ്രമുഖരടക്കമുള്ളവര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു. സംഭവമിതാണ്…ആന്ധ്രപ്രദേശിലെ അനന്തപുരയില്‍ തന്റെ കൃത്യനിര്‍വ്വഹണത്തിനിടയിലാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബി ശുഭ്കുമാര്‍ ഒരു കാറില്‍ കൊള്ളേണ്ടത്ര ആളുകളുമായി ബൈക്കിലെത്തിയ ആളെ ശ്രദ്ധിച്ചത്. പെട്രോള്‍ ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തി ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു കെ ഹനുമന്തരയടു എന്ന വ്യക്തി ബൈക്ക് ഓടിച്ചിരുന്നത്.
അഞ്ച് പേരെയും വഹിച്ചു കൊണ്ട് വരുന്ന ബൈക്ക് ശ്രദ്ധയില്‍പെട്ട എസ് ഐ ശുഭ്കുമാര്‍ ഈ കാഴ്ച്ച കണ്ട് എന്താണ് അവരോട് പറയേണ്ടതെന്നറിയാതെ കൈകൂപ്പി നില്‍ക്കുന്നതാണ് രംഗം. എന്ത് കൊണ്ടാണ് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പിയതെന്ന സോഷ്യല്‍മീഡിയയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരമിങ്ങനെ…റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പക്ഷെ ഇതേയാള്‍ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു. ഒരാള്‍ പോലും ഹെല്‍മറ്റും ഉപയോഗിച്ചിരുന്നില്ല. ഞാന്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ അയാള്‍ എന്നോടെന്തോ പറയുകയും ചെയ്തു. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയിരുന്നതിനാല് ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് നാടുനീളെ ബോധവത്കരണ പരിപാടികളും പരിശീലനപരിപാടികളും നടക്കാറുണ്ടെങ്കിലും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേയ്ക്ക് കളയുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും എന്ന സത്യം വിളിച്ചു പറയുകയും ഈയവസരത്തില്‍ നിയമപാലകര്‍ നേരിടുന്ന നിസ്സഹായവസ്ഥയെ തുറന്നുകാട്ടുകയും ചെയ്യുന്ന ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി…