തൊടുപുഴ: ചുരുങ്ങിയ നാളുകൾക്കൊണ്ട് മികച്ച നടനെന്നു പേരെടുത്ത അനിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠിച്ചിറങ്ങിയ ശേഷം അദ്ദേഹം നാടക രംഗത്താണ് ചുവടുറപ്പിച്ചത്.
പിന്നീട് മിനിസ്ക്രീനിൽ അവതാരകനായി. അതിനുശേഷം ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്.
2014-ൽ പുറത്തിറങ്ങിയ’ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലെ അഭിനയമാണ് ജനശ്രദ്ധ നേടിയത്. ഇതോടെ പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു.
പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു. ഈ വേഷവും ശ്രദ്ധിക്കപ്പെട്ടു. അയ്യപ്പനും കോശിയിലെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷവാനായിരിക്കെയാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത്.
മൃതദേഹം സൂക്ഷിച്ചിരുന്ന തൊടുപുഴയിലെ ആശുപത്രിയിലെത്തി ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, സുനിൽ സുഗത,സന്തോഷ് കീഴാറ്റൂർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
കോവിഡ് ഫലം വരാൻ വൈകിയതിനാൽ ഇന്നലെ രാവിലെ 11-ഓടെയാണ് ബന്ധുക്കൾക്കു പോലും മൃതദേഹം കാണാനായത്.സംഭവത്തിൽ മുട്ടം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കരൾ വീക്കമുള്ളതിനാൽ ഹൃദയാഘാതമെന്ന സംശയത്തെത്തുടർന്ന് ശരീരഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. നാലോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. സി ദീപുവിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
മെഡിക്കൽ കോളജ് മോർച്ചറി ഭാഗത്ത് ആംബുലൻസിൽ തന്നെ പൊതുദർശനത്തിന് വച്ചശേഷമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
സിനിമക്കാരുടെ ഇഷ്ടലൊക്കേഷനിൽ അനിലിന്റെ ജീവിതത്തിനു തിരശീല
ജോയി കിഴക്കേൽ
തൊടുപുഴ: മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനായ മലങ്കര ജലാശയം ചലച്ചിത്ര നടൻ അനിൽ പി.നെടുമങ്ങാടിന്റെ ജീവിതത്തിന് തിരശീല വീഴ്ത്തി.
മലങ്കര ജലാശയത്തിന്റെ ഓളപ്പരപ്പിൽ അൽപനേരം നീന്തിതുടിക്കുകയെന്നത് അനിലിന്റെ ജീവിതാഭിലാഷമായിരുന്നു. നിരവധി സിനിമകളുടെ ചിത്രീകരണത്തിലൂടെ മലങ്കര ജലാശയവും പരിസരവും സിനിമാക്കാർക്ക് ഏറെ പരിചിതമായിരുന്നു.
പുറപ്പാട് സിനിമയുടെ ചിത്രീകരണമാണ് ആദ്യമായി ഇവിടെ നടന്നത്.തുടർന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, കുഞ്ഞിക്കൂനൻ, രസതന്ത്രം, വെറുതെ ഒരുഭാര്യ, പാപ്പി അപ്പച്ച, കഥ പറയുന്പോൾ, ഇവിടം സ്വർഗമാണ്, വാൽസല്യം,നാടൻപെണ്ണും നാട്ടുപ്രമാണിയും, വെള്ളിമൂങ്ങ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ജവാൻ ഓഫ് വെള്ളിമല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അരയന്നങ്ങളുടെ വീട്, മനസിനക്കരെ, സ്വപ്നസഞ്ചാരി, സ്വലേ, മേരിക്കുണ്ടൊരുകുഞ്ഞാട് തുടങ്ങി നൂറോളം സിനിമകളുടെ ചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ജിത്തുജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം-2 ന്റെ ചിത്രീകരണമാണ് അരങ്ങേറിയത്. ഏതാനും വർഷങ്ങളായി മലയാളത്തിനുപുറമെ തമിഴ്,കന്നട,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗും ഇവിടെ നടന്നുവരുന്നുണ്ട്.
ഏതുവേഷം അഭിനയിച്ചാലും ആ കഥാപാത്രത്തോട് താതാത്മ്യം പ്രാപിച്ച് മികച്ചഭാവാഭിനയത്തിലൂടെ ആസ്വാദക ലോകത്തിന്റെ മനസിൽ ഇടംനേടാൻ കഴിഞ്ഞിട്ടുള്ള അനിലിന്റെ വേർപാട് സിനിമാലോകത്തിനു തീരാ വേദനായി.