ബദിയഡുക്ക: ഭർതൃമതിയെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തുകയും ഇതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതിന് മൂന്നു പേർക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തു.
പെർള കണ്ണാടിക്കാനയിലെ 29 കാരിയുടെ പരാതിയിൽ കണ്ണാടിക്കാനയിലെ നൗഷാദ്, എബി തുടങ്ങിയ മൂന്നുപേർക്കെതിരേയാണ് കേസ്. 22ന് രാത്രി 11.45നാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
വീട്ടിൽ കോളിംഗ് ബെല്ലടിച്ചപ്പോൾ പരിചയമുള്ള ശബ്ദം കേട്ടാണ് വാതിൽ തുറന്നത്. അതിനിടെ വീട്ടിനകത്ത് കയറിയ സംഘം ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ഭർതൃമതിയേയും എട്ടും രണ്ടരയും വയസുള്ള മക്കളെയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അതിനിടെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്നും രണ്ട് ലക്ഷം രൂപ നൽകണമെന്നും സംഘം പറഞ്ഞു. ഇതേത്തുടർന്ന് ഭർതൃമതി 5000 രൂപ നൽകി. സംഘം പിന്നീടും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.