കോഴിക്കോട്: കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ്. ലോക്ഡൗണ്‍ കാലത്ത് 20 പേര് പങ്കെടുത്ത വിവാഹത്തിന്റെ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് ഫോട്ടോഗ്രഫര്‍ക്ക് 2000 രൂപ പിഴ…
ആ ദിവസം ലഭിച്ച വരുമാനം 3500… ലൈറ്റ് ബോയ്ക്ക് ഈ ഫോട്ടോഗ്രഫര്‍ നല്‍കിയത് 1000 ! ഇതാണ് അവസ്ഥ.
ലോക്ഡൗണില്‍ വശം കെട്ടത് ശരിക്കും ഫോട്ടോ-വീഡിയോഗ്രഫി മേഖലയാണ്. അരലക്ഷത്തിലധികം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന മേഖല മൂന്നുമാസമായി അടഞ്ഞുകിടക്കുകയാണ്.
ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാമറയും വിഡിയോ ഉപകരണങ്ങളും ഉപയോഗശൂന്യമാകുന്നു. കളര്‍ പ്രിന്ററുകള്‍ കേടാകാതെ നില്ക്കാന് വെറുതേ ട്രയല്‍ അടിച്ചുകളയുകയാണ് പലരും.
ആദ്യഘട്ട ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ പുതിയ സീസണും സേവ് ദ ഡേറ്റ് തീര്‍ത്ത ഓളവും പ്രതീക്ഷിച്ച് വലിയ ഉപകരണങ്ങള്‍ വാങ്ങിയവര്‍ ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.
ഏറ്റവും ഒടുവില്‍ ഒരു ദിവസം തുറക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോഴും ഭാവി ചോദ്യം ചിഹ്നം തന്നെ.
സ്റ്റുഡിയോ അനുബന്ധ ജോലി ചെയ്യുന്നവരുടെ കാര്യവും അതിലേറെ കഷ്ടം. ലാബുകള്‍ അടച്ചിട്ടാല്‍ തന്നെ നഷ്ടക്കണക്കുകളായിരിക്കും.
ഇതിനിടയ്ക്ക് ജീവനക്കാര്‍ക്കു ശമ്പളം നല്‍കണം. കോഴിക്കോട് ജില്ലയില്‍ മാത്രം പത്തും പതിനഞ്ചും പേര് ജോലിചെയ്യുന്ന സ്ഥാപനങ്ങളുണ്ട്.
ഇവര്‍ക്കും ജോലി ഇല്ലാതായി. ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, ആല്‍ബം ക്രിയേറ്റിംഗ് എന്നിവയെല്ലാം മുടങ്ങി.
വാടക എട്ടായിരം മുതല്‍
ഒരു സ്റ്റുഡിയോ പ്രവര്‍ത്തിക്കണമെങ്കില്‍ തരക്കേടില്ലാത്ത മുറികള്‍ വേണം. അതിനുള്ള സെറ്റപ്പ് വേണം. മിനിമം എട്ടായിരം രൂപയില്ലാതെ വാടകകെട്ടിടങ്ങള്‍ ലഭിക്കില്ല.
പ്രത്യേക സാഹചര്യത്തില്‍ ഒരുമാസംവരെ വാടക ഒഴിവാക്കി കിട്ടും. എന്നാല്‍ ബാക്കിയുള്ളത് ഉടമയ്ക്കു നല്‍കുക തന്നെ വേണം. ഇത് എവിടെ നിന്ന് എടുത്തുനല്കും.
വായ്പ എടുത്തു നല്കിയ ഉപകരണങ്ങള്‍ക്കുള്ള തിരിച്ചടവുകള്‍ വേറെ. മാറ്റിവച്ച വിവാഹകണക്കുകള് പറയും ഇവരുടെ ദുരിതത്തിന്റെ കണക്കുകള്‍.
സംസ്ഥാനത്തൊട്ടാകെ ഒന്നരലക്ഷത്തോളം വിവാഹങ്ങള്‍ മാറ്റിവച്ചതായാണ് അനൗദ്യോഗിക കണക്ക്. തലസ്ഥാന ജില്ലയില്‍ മാത്രം ഇതു എഴായിരത്തോളം വരുമെന്ന് ഫേട്ടോഗ്രഫേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
സംസ്ഥാനത്ത് അസോസിയേഷന് അംഗത്വമുള്ള 20,000 പേരുണ്ട്. ഇവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം അറുപതിനായിരം വരും.
സര്‍ക്കാര്‍ സഹായം
ആദ്യഘട്ട ലോക്ഡൗണില്‍ കോവിഡ് ബാധിച്ച ഫോട്ടോഗ്രഫര്‍മാര്‍ക്ക് പതിനായിരം രൂപ വീതം സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കോവിഡ് വ്യാപനം പിടിവിട്ടതോടെ അതുനിര്‍ത്തി.
ഇപ്പോള്‍ ക്ഷേമനിധിയില്‍ നിന്നു നല്‍കുമെന്നറിയിച്ച 1000 രൂപ യാണ് ഏക ആശ്രയം. ഇനി നീറ്റ് പരീക്ഷയ്ക്കായി കുട്ടികള്‍ ലേറ്റസ്റ്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയ്ക്കു വരും.
അതാണ് നാമമാത്രമായ തുകയാണ് ലഭിക്കുകയെങ്കിലും അത് ഇപ്പോള്‍ ജീവിതത്തില്‍ ഏറെ സഹായകരമാണ്.
ഇതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ പലിശരഹിതവായ്പ അനുവദിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
നഷ്ടപ്പെട്ടത് തുടര്‍ച്ചയായ രണ്ടു സീസണുകള്‍
ജനുവരിമുതല്‍ മേയ് വരെ ഈ രംഗത്തുപ്രവര്ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ഇതു നഷ്ടപ്പെട്ടു. നിറങ്ങളുടെ ലോകത്ത് ജീവിച്ചവര്‍ക്ക് ഭാവി നിറമില്ലാത്തതായി.
ഒരു ദിനം മാത്രം തുറന്നതുകൊണ്ട് നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. വാടക ഉള്‍പ്പെടെ നല്‍കണം.
എപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മേഖലയില്‍ ആധുനിക സാമഗ്രികള്‍ കൈവശമില്ലാതെ രക്ഷയില്ല. അതിന് വലിയ വില നല്‍കണം. ബാങ്കുകളില്‍ നിന്നു വായ്പ എടുത്താണ് മുന്നോട്ടുപോകുന്നത്.