ലോകത്തിലെ ഏതെങ്കിലുമൊരു ഒരു വികാരത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടെ തന്റെ കാമറയില്‍ പകര്‍ത്തുന്നയാളാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍. ഇത്തരത്തില്‍ കാമറക്കണ്ണിലൂടെ താന്‍ കണ്ട ഒരു മനോഹര കാഴ്ചയെ വര്‍ണ്ണിച്ചുകൊണ്ട് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.കണ്ണുനീരിന്റെ അകമ്പടിയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഈ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഒരു ഭാര്യയും ഭര്‍ത്താവുമാണ് ചിത്രത്തിലുള്ളത്. ഇതിലെ ഭാര്യ ലൈംഗികതൊഴിലാളിയും ഭര്‍ത്താവ് അംഗവൈകല്യം ബാധിച്ചവനുമാണ്. ഇതിലെ ഭാര്യ തന്നെ പറയുന്നരീതിയിലാണ് കുറിപ്പ്. അതിങ്ങനെയാണ്.
ജീവിതത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ പ്രേമിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഒരു വേശ്യയ്ക്ക്. ജീവിതമെന്നാല്‍ എന്തെന്ന് ഞാന്‍ മനസിലാക്കിയതില്‍ പിന്നെ കുറ്റബോധം കൊണ്ട് എന്റെ ആത്മാവ് വിങ്ങാന്‍ തുടങ്ങി. എന്റെ പ്രായമെത്രയെന്നോ എന്റെ മാതാപിതാക്കളാരെന്നോ എനിക്കറിയില്ല. ഞാനെന്റെ ജീവിതകാലം മുഴുവന്‍ തെരുവിലായിരുന്നു. എന്റെ ശ്വാസം നിലനില്‍ക്കുന്നതിന് കാരണം എന്റെ മകളാണ്. എന്റെ ജോലി എന്താണെന്ന് ഞാനവളെ അറിയിച്ചിട്ടില്ല. എന്നാല്‍ എന്റെ പൊന്നുമോളുടെ മുഖത്തുനോക്കി നുണ പറയാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. അമ്മയെന്തുകൊണ്ടാണ് രാത്രിയില്‍ മാത്രം ജോലിയ്ക്ക് പോവുന്നതെന്ന് അവള് ഒരിക്കല്‍ ചോദിച്ചു. അപ്പോളെനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. പക്ഷെ ഇടയ്ക്കൊക്കെ ഞാനവളോട് പറഞ്ഞുകൊടുക്കാറുണ്ട്. രാത്രിയില്‍ ജോലി ചെയ്യണമെന്ന് അമ്മയ്ക്ക് ഒരാഗ്രഹവുമില്ല എന്ന്. രാത്രിയില്‍ വീട്ടില്‍ നിന്നിറങ്ങുന്നതിന് മുമ്പ് അവളെന്നെ കെട്ടിപ്പിടിക്കും. പക്ഷേ കൈവിടുവിച്ച് ഞാന്‍ യാത്രയാവും. ഈ തൊഴിലില്‍ നിന്ന് രക്ഷപ്പെടണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജീവിതം ഉപേക്ഷിച്ചാല്‍ തുടര്‍ന്നുള്ള ജീവിതം തുടങ്ങാന്‍ ആരും സഹായിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞാനെങ്ങോട്ടാണ് പോവുന്നതെന്ന് എനിക്കുതന്നെ അറിയാത്ത അവസ്ഥ.
അങ്ങനെ നിരാശയും സങ്കടവും പകയും എല്ലാംകൂടി മനസ്സിനെ പിടിച്ചുലച്ച ഒരു വൈകുന്നേരമാണ് അബാസ് എന്റെ അരികിലെത്തിയത്. ഒന്നും പറയാതെ എന്റെ ശരീരമോ സഹായമോ ആവശ്യപ്പെടാതെ കുറച്ചുപണം തന്ന് അയാള്‍ മടങ്ങി. അന്ന് ആദ്യമായാണ് ഒരാള്‍ എന്നില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ ശരീരം ഉപയോഗിക്കാതെ എന്നെ സഹായിക്കുന്നത്. അന്നു രാത്രിയില്‍ വീട്ടിലേക്കു പോയ ഞാന്‍ കുറേ കരഞ്ഞു. കരഞ്ഞു മതിയായപ്പോള്‍ അന്ന് ആദ്യമായി എനിക്കൊരാളോട് പ്രണയം തോന്നി. പിന്നീടുള്ള ദിവസങ്ങളില്‍ ആ മനുഷ്യനെ തിരഞ്ഞു ഞാന്‍ തെരുവിലൂടെ അലഞ്ഞു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. അംഗപരിമിതനായ അദ്ദേഹത്തെ ഉപേക്ഷിച്ച് ഭാര്യ പോയതാണെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പിന്നീട് മകളെ കൂട്ടി അദ്ദേഹത്തെ പോയി കണ്ടു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞങ്ങളെ സഹായിച്ച അദ്ദേഹത്തിനു നല്കാന് ഞങ്ങളുടെ ജീവിതം മാത്രമേ ഉള്ളൂ. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. താങ്കള്‍ക്കൊരു ജീവിതം നല്കാന് എനിക്കാവില്ല. അതിനുള്ള അര്‍ഹതയും എനിക്കില്ല. പക്ഷേ അങ്ങയുടെ വീല്‍ച്ചെയര്‍ തള്ളിത്തരാന്‍ ഒരാളായി ഞാന്‍ ഇനിയെന്നും കൂടെയുണ്ടാവും”. അന്ന് ആദ്യമായി അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു. ”അങ്ങനെ എല്ലാവര്‍ക്കുമൊന്നും വീല്‍ച്ചെയര്‍ തള്ളിത്തരാന്‍ പറ്റില്ല. അതിനു സ്നേഹമുള്ള ഒരു മനസ്സുവേണം. നിന്നെപ്പോലെ”. അബാസും റസിയയും വിവാഹിതരായിട്ട് ഇപ്പോള്‍ നാലുവര്‍ഷം പിന്നിടുന്നു. ജീവിതത്തിലെ ദുഖവും സന്തോഷവും പങ്കുവെച്ച് അവര്‍ ഇന്നും ഒരുമിച്ചു ജീവിക്കുന്നുണ്ട്. റസിയയ്ക്കു കൊടുത്ത വാക്ക് അബാസ് ഇപ്പോഴും പാലിച്ചുപോരുന്നു