മറയൂർ: ചിന്നാറിലെ വന്യതയുടെ വശ്യത പകർത്തി ആദിവാസി യുവാവ് ദിനേശൻ ശ്രദ്ധേയനാകുന്നു. മറയൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആലാംപെട്ടി ആദിവാസി കോളനിയിലെ ചിന്നന്റെയും പാപ്പയുടെയും മകൻ ദിനേശനാണ് ഇന്ന് ചിന്നാറിലെ താരം. നാലാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ദിനേശൻ (26) ചിന്നാർ വന്യജീവി സങ്കേതത്തിൽ ആലാംപെട്ടി ഇക്കോ ടൂറിസം പദ്ധതിയുടെ കീഴിലെ ട്രക്കറാണ്.
ലക്ഷങ്ങൾ വിലമതിക്കുന്ന കാമറകളും ലെൻസുകളും ദിനേശന് എന്നും സ്വപ്നമായിരുന്നു. 2016-ൽ ആനമുടി വനവികസന ഏജൻസി ചിന്നാറിലെ ട്രക്കർമാർക്ക് വാങ്ങിനല്‍കിയ നാലു കാമറകളിൽ ഒന്ന് ദിനേശനും ലഭിച്ചു. അന്നുമുതലാണ് ചിത്രങ്ങൾ പകർത്തുന്നതിൽ ദിനേശൻ കൂടുതൽ താത്പര്യം കാണിച്ചുതുടങ്ങിയത്. അതുവരെ മൊബൈൽ ഫോണിലെ പരിമിത സൗകര്യത്തിലായിരുന്നു ചിത്രങ്ങൾ എടുത്തിരുന്നത്. നിക്കോണ്‍ പി 900 എന്ന കാമറയിലൂടെ ചെറുസ്പന്ദനങ്ങളും വന്യതയും ലാളിത്യവും വികൃതികളും ചിത്രങ്ങളായി ദിനേശൻ പകർത്തി.
ഇതിനിടയിൽ പ്രഗത്ഭരായ നിരവധി വന്യജീവി ഫോട്ടോഗ്രാഫർമാർ ചിന്നാർ വനത്തിലെത്തി. എല്ലാവരും കാടിന്റെ അറിവും ലക്ഷങ്ങൾ വിലമതിക്കുന്ന കാമറയും ലെൻസും സ്വന്തമായുള്ളവർ. ഇവർക്ക് വഴികാട്ടിയായി പോയപ്പോഴാണ് ചിത്രമെടുക്കുന്നതിന്റെ അനന്തമായ സാധ്യതകളേക്കുറിച്ച് അടുത്തറിയുവാൻ കഴിഞ്ഞത്. പിന്നീടുള്ള ആഗ്രഹം നല്ല ഒരു കാമറ വാങ്ങണമെന്നതായിരുന്നു.
സ്വരുക്കൂട്ടിവച്ചിരുന്ന തുകയും മറയൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും വായ്പയും ചേർത്ത് 45000 രൂപ വിലമതിക്കുന്ന നിക്കോണ്‍ ഡി 500 കാമറ സ്വന്തമായി വാങ്ങി. ഈ കാമറയ്ക്കും ഏറെ പരിമിതികൾ ഉണ്ടെങ്കിലും മറ്റേതൊരു വന്യജീവി ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ചിത്രങ്ങൾക്കൊപ്പം നില്ക്കുന്ന ചിത്രങ്ങൾ ദിനേശിന്റെ കാമറ കണ്ണിൽ ഇതിനകം പതിഞ്ഞുകഴിഞ്ഞു.
കാടുതന്നെ വീടായ ദിനേശന് വനംവകുപ്പ് കാടിനുളളിൽ തീർത്തിരിക്കുന്ന വേലിക്കെട്ടുകൾ ബാധിക്കാത്തതിനാൽ ആനയും പുലിയും ഓന്തിനെ ഇരയാക്കുന്ന പച്ചിലപ്പാന്പും കാട്ടുപോത്തും എല്ലാം ഇന്ന് ദിനേശന്റെ ഒറ്റ ക്ലിക്ക് അകലത്തിലാണ്. മുൻപ് ചിത്രങ്ങൾ എടുക്കുവാനെത്തുന്ന ഫോട്ടോഗ്രാഫർക്ക് നല്ല ചിത്രങ്ങൾ എടുക്കുവാൻ വഴികാട്ടിയ ദിനേശൻ ഇന്ന് ചിന്നാർ വനഭൂമികയിൽ അപൂർവ നിമിഷങ്ങൾക്കായി കണ്ണും കാതും ശ്രദ്ധയോടെ തുറന്നുവച്ചു നടന്നുവരുന്നു.
കാട്ടിലെ വിഭവങ്ങൾ ശേഖരിച്ചും ഇക്കോ ടൂറിസത്തിലൂടെയുള്ള വരുമാനത്തെമാത്രം ആശ്രയിച്ചും കഴിയുന്ന ആലാംപെട്ടി ആദിവാസി കോളനിയിലെ ട്രക്കർമാരിൽ ദിനേശൻ സഞ്ചാരിക്കൾക്ക് വേറിട്ട വ്യക്തിത്വമാണ്.എന്തിനെയും വളരെയെളുപ്പത്തിൽ മനസിലാക്കുന്ന ദിനേശന് ചിന്നാർ വന്യജീവി സങ്കേതത്തിലെ ഇരുന്നൂറോളം പക്ഷികളുടെയും ജീവജാലങ്ങളുടെ പേരും ശാസ്ത്രീയനാമവും കാണാപ്പാഠമാണ്. കാടറിയാൻ എത്തുന്നവർക്ക് ഒരു അധ്യാപകനെപോലെ പേരുകളും ജീവികളുടെ സ്വഭാവരീതികളും ഈ കാടിന്റെ മകൻ ലളിതമായി പകർന്നു നൽകുന്നു.