മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുവച്ച് കടലിലേക്ക് വീണ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു.
സെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാല്‍വഴുതിയാണ് യുവതി കടലിലേക്ക് വീണത്. ഇവരെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറാണ്.
സ്വന്തം ജീവന് പണയം വച്ച് യുവതിയെ രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടുകയായിരുന്നു ഗുലാബ്ചന്ദ് ഗൗഡ് എന്ന 55കാരന്.
മഴക്കാലമായതിനാലും അതിശക്തമായ തിരമാലകളുള്ളതിനാലും കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
ലൈഫ് ജാക്കറ്റ് ഇവര്‍ക്ക് പൊലീസ് എറിഞ്ഞു കൊടുത്തു. പക്ഷേ തിരമാലകള്‍ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് ഒന്നും നോക്കാതെ കടലിലേക്ക് ചാടി. ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിച്ചു.
ഗൗഡ് ഫോട്ടോഗ്രാഫറാണ്. യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’അവരുടെ ജീവന് രക്ഷിക്കാനാണ് ഞാന്‍ ചാടിയത്. ചെയ്തത് വലിയ കാര്യമായി തോന്നുന്നില്ല. മറ്റുള്ളവര്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ എല്ലാവരും അത് ചെയ്യാനായി മുന്നോട്ടുവരണം’. ഗൗഡിന്റെ വാക്കുകള്‍.