അതിര്‍ത്തിയില്‍ അമ്മയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പിഞ്ച് കുഞ്ഞ്; അമേരിക്കയ്ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്‌കാരം

അനധികൃത കുടിയേറ്റം നടത്തുന്നതിനിടെ പിടിക്കപ്പെട്ട തന്റെ മാതാവിനെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ ചിത്രം പലരുടെയും മനസ്സിനെ ദുഖത്തിലാഴ്ത്തിയിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദത്തില്‍ മുറിവേല്‍പ്പിച്ച ഈ ചിത്രത്തിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഗെറ്റി ഫൊട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം ഇപ്പോള്‍ ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുകയാണ്.

റിയോ ഗ്രാന്‍ഡ് താഴ്വരയില്‍ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റ്സിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് മൂര്‍ ഈ ചിത്രമെടുത്തത്. സാന്ദ്ര സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടത്. സാന്ദ്രയെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഇത് മൂര്‍ തന്റെ കാമറയില്‍ പകര്‍ത്തുകയായിരുന്നു.

അഭയാര്‍ഥികളായി അതിര്‍ത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും ഭയമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അതിനിടെ, സാന്ദ്ര സാഞ്ചസും കുട്ടിയും മുന്നോട്ടുനീങ്ങി. അവരെ പൊലീസ് പരിശോധിക്കുന്ന ആ നിമിഷമാണ് എനിക്ക് വിലപ്പെട്ട ഈ ചിത്രം ലഭിച്ചതെന്നും മൂര്‍ പറയുന്നു. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്.

Related posts