സ്വന്തം ലേഖകൻ
തൃശൂർ: ചിൻ അപ്, ചിൻ ഡൗണ്‍, ഒരു പൊടിക്ക് ഡൗണ്‍, ഐസ് ഓപ്പണ്‍, സ്മൈൽ… മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ ഫോട്ടോഗ്രാഫർ കഥാപാത്രം തന്റെ സ്റ്റുഡിയോവിൽ വരുന്നവരുടെ ഫോട്ടോയെടുക്കുന്നത് ഓർമയില്ലേ.
എന്നാൽ അതുപോലെയല്ല ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാനാർഥികളുടെ ഫോട്ടോയെടുപ്പ്. സ്ഥാനാർഥികളുടെ പോസ്റ്ററും ഫ്ളെക്സുമൊക്കെ തയാറാക്കുന്നതിനുള്ള ചിത്രമെടുപ്പ് അഥവാ ഫോട്ടോ ഷൂട്ട് ഇന്നപ്പാടെ മാറിക്കഴിഞ്ഞു.
ചിൻ അപും ചിൻ ഡൗണുമായി സ്റ്റുഡിയോക്കുള്ളിൽ തലപ്പടം മാത്രമെടുത്ത് പോസ്റ്ററും ഫ്ളെക്സുമടിക്കുന്ന രീതിയല്ല ഇന്ന്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണെന്ന് തോന്നാത്ത രീതിയിലുള്ള വളരെ റിയലിസ്റ്റിക് ആയ ചിത്രങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ ഒരു സിനിമയുടെ ഫോട്ടോ ഷൂട്ടിന് സമാനമായ രീതിയിലാണ് ഇപ്പോൾ സ്ഥാനാർഥികളുടെ ഫോട്ടോയെടുപ്പ്. മുന്‍പ് തെരഞ്ഞെടുപ്പിന് മുന്‍പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഫോട്ടോ ഷൂട്ടെങ്കിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിയും വരെ ഫോട്ടോ ഷൂട്ടും വീഡിയോ ഷൂട്ടും തുടരും.
ചിരിച്ച് കൈവീശിക്കാണിച്ചുള്ള സ്ഥിരം ചിത്രങ്ങളോട് ഇപ്പോൾ സ്ഥാനാർഥികൾക്കും താത്പര്യമില്ലെന്ന് ഫോട്ടോഗ്രാഫി രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു.
സോഷ്യൽമീഡിയയുടെ സ്വാധീനമാണ് സ്ഥാനാർഥി ചിത്രങ്ങളിലെ മാറ്റത്തിന് കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുകയോ ഒട്ടിക്കുകയോ ചെയ്യുന്ന പോസ്റ്റർ മുതൽ സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ വരെ എടുക്കാൻ ഇപ്പോൾ സ്ഥാനാർഥിക്കൊപ്പം വളരെ പ്രഫഷണൽ ആയ ഫോട്ടോഗ്രാഫർമാരുടെ ടീമുണ്ട്.
പണ്ടത്തെ പോലെ വെള്ള ഷർട്ടിട്ട് ചിരിച്ച് നിൽക്കുന്ന ഫോട്ടോകളല്ല ഇപ്പോഴത്തെ സ്ഥാനാർഥികളുടേതെന്ന് തൃശൂരിലെ ഓക്ക് ട്രീ ബ്രാൻഡ് വാഗനിലെ ക്രിയേറ്റീവ് ഡയറക്ടറായ ഫേവർ ഫ്രാൻസിസ് പറയുന്നു.
വ്യത്യസ്തമായ പശ്ചാത്തലങ്ങളും ലുക്കും കൊടുത്താണ് ഇപ്പോൾ ഫോട്ടോകളെടുക്കുന്നത്. വോട്ടർമാർക്ക് ഫോട്ടോ കാണുന്പോൾ തന്നെ മനസിൽ പതിയുന്ന തരത്തിലാണ് ചിത്രങ്ങൾ എടുക്കുന്നത്.
സ്ഥാനാർഥിയുടെ വളരെ സ്വാഭാവികമായ ഫോട്ടോകളെടുക്കുന്ന കാൻഡിഡ് ഷൂട്ടാണ് കൂടുതലും ഇപ്പോൾ ചെയ്യുന്നതെന്നും ഫേവർ ഫ്രാൻസിസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പല സ്ഥാനാർഥികളുടേയും ചിത്രങ്ങളെടുക്കുന്ന തിരക്കിലാണ് ഫേവറും കൂട്ടരും.
സ്ഥിരം ബ്ലാങ്ക് പശ്ചാത്തലങ്ങൾക്കു പകരം കടലും ചായക്കടയുമെല്ലാം ഇവർ ഒരുക്കുന്ന ചിത്രങ്ങൾക്ക് പശ്ചാത്തലമാകുന്നുണ്ട്.സിനിമയിലെ അസി.കാമറാമാൻമാരടക്കമുള്ള പ്രഫഷണുകളെ അണിനിരത്തിയാണ് പലയിടത്തും ഫോട്ടോ ഷൂട്ട്. സിനിമ ഷൂട്ടിംഗില്ലാതിരിക്കുന്ന കോവിഡ്കാലത്ത് അവർക്കും ഇത് വരുമാനമാർഗമാണ്.
മേക്കപ്പ്മാനെയും കോസ്റ്റ്യൂംസ് ഡിസൈനറെയുമൊക്കെ വച്ചാണ് പലരും ഷൂട്ട് നടത്തുന്നത്. ഏറ്റവും ക്വാളിറ്റി കൂടിയ ലെൻസും ലൈറ്റുമൊക്കെയാണ് ഷൂട്ടിന് ഉപയോഗിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് നന്ദിപറഞ്ഞു കൊണ്ടുള്ള ഫോട്ടോയടക്കം വോട്ടെടുപ്പിന് മുന്നേ തന്നെ എടുത്തുവെക്കുന്ന പാക്കേജിലാണ് പല ഫോട്ടോ ഷൂട്ടും നടക്കുന്നത്.
സൂപ്പർഹിറ്റ് സിനിമകളുടെ ശ്രദ്ധേയമായ പോസ്റ്ററുകളെ അനുകരിച്ചുള്ള ഫോട്ടോകളെടുക്കാനും സ്ഥാനാർഥികളും ഫോട്ടോഗ്രാഫർമാരും താൽപര്യപ്പെടുന്നുണ്ട്.
മോഹൻലാലിന്റെ ലൂസിഫർ, സുരേഷ്ഗോപിയുടെ വരാൻ പോകുന്ന കടുവ എന്ന സിനിമ, മമ്മൂട്ടിയുടെ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളുടെ രൂപത്തിൽ സ്ഥാനാർഥിയുടെ ഫോട്ടോയെടുക്കുന്നുണ്ട്.
സോഷ്യൽമീഡിയക്ക് ജനങ്ങൾക്കിടയിൽ വളരെയധികം സ്വാധീനമുള്ളതിനാലാണ് സ്ഥാനാർഥികൾ ഫോട്ടോകളിൽ ഇത്രയും ശ്രദ്ധിക്കുന്നതെന്നും മുന്പ്് ഇത്രയധികം സാധ്യതകളില്ലാത്തതിനാലാകാം ഒരേ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നതെന്നും എൻഡിഎ സ്ഥാനാർഥി ഡോ.ആതിര പറഞ്ഞു.
സ്ഥാനാർഥികളുടെ ചിത്രങ്ങളിലെ ഡ്രസ് കോഡ് വരെ വോട്ടർമാർ ശ്രദ്ധിക്കുന്നുണ്ടെന്നും വനിതാ സ്ഥാനാർഥികളെ പോലെ തന്നെ പുരുഷ സ്ഥാനാർഥികളും ഡ്രസ് കോഡിൽ വളരെയധികം ബോധവാൻമാരാണെന്നും ഇപ്പോഴത്തെ പോസ്റ്ററുകൾ കണ്ടാൽ മനസിലാകുമെന്നും ഡോ.ആതിര ചൂണ്ടിക്കാട്ടി.
നാടു മുഴുവൻ മാസ്കണിയുന്നുണ്ടെങ്കിലും സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന മുഖങ്ങൾ പോസ്റ്ററുകളിൽ മാസ്കിട്ട് മറയ്ക്കുന്നില്ല. എന്നാൽ പ്രമോ വീഡിയോകളിൽ മാസ്കണിഞ്ഞും അല്ലാതെയുമുള്ള വിഷ്വലുകൾ ഇടകലർത്തിയാണ് തയ്യാറാക്കുന്നത്.