കണ്ണൂർ: ലണ്ടൻ തെരുവിൽ ബ്ലൗസും കള്ളിമുണ്ടും തോർത്തും ധരിച്ച് ഒരു മലയാളി പെൺകുട്ടിയെ കാണുക എന്നത് സ്വപ്നത്തിൽ പോലും ഓർക്കാൻ കഴിയാത്ത കാര്യമാണ്.
എന്നാൽ, നവംബർ 20ന് ലണ്ടൻ നഗരം ആ കാഴ്ച കണ്ടു. കണ്ണൂർ സ്വദേശിനിയാണ് തന്റെ മുത്തശിയുടെ കാലത്തിലേക്ക് ഒരു തിരിഞ്ഞു പോക്ക് നടത്തിയത്. ഇന്നിപ്പോൾ ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മലയാളിയായ ഒരു ഫോട്ടോഗ്രാഫറുടെ മനസിൽ ഉദിച്ച ഐഡിയയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. കേരളത്തനിമ നിലനിർത്തി ലണ്ടനിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് ആഗ്രഹവുമായി മുന്നോട്ടുപോയത് എറണാകുളം അത്താണി സ്വദേശി സാജുവാണ്.
തന്റെ ആഗ്രഹം മനസിലേറ്റി നടക്കുന്നതിനിടയാണ് ഒരു പരിപാടിയിലെ ആങ്കർ ആയിരുന്ന കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശിനി വിന്യാ രാജിനെ കണ്ടെത്തുന്നതും സാജു തന്റെ ആഗ്രഹം അറിയിക്കുന്നതും.
ലണ്ടനിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ സ്പ്രിംഗ് ഫീൽഡിലാണ് ഫോട്ടോ ഷൂട്ടിന് സ്ഥലം കണ്ടെത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട ഷൂട്ടിൽ കടുത്ത മഞ്ഞിനെയും തണുപ്പിനെയും അവഗണിച്ചാണ് വിന്യാ രാജ് ആ ഭാവ പകർച്ച നടത്തിയത്.
ഫോട്ടോഷൂട്ട് ലണ്ടൻ സ്വദേശികൾ അതിശയത്തോടെയാണ് കണ്ടത്. എല്ലാം സാജുവിന്റെ പ്ലാൻ ആയിരുന്നുവെന്നും അദ്ദേഹം മനസിൽ കണ്ട വിഷ്വലിനേക്കാൾ മനോഹരമായി അത് ചെയ്യാൻ കഴിഞ്ഞത് ഏറെ സന്തോഷം ഉളവാക്കുന്നതാണെന്നും വിന്യാ രാജ് പറഞ്ഞു. കൈതേരി ശ്രീവത്സത്തിൽ വത്സരാജ്-രാജേശ്വരി ദമ്പതികളുടെ മകളാണ് വിന്യാ രാജ്. വരുൺ രാജ് ആണ് സഹോദരൻ. രണ്ടുവർഷമായി ലൂട്ടണിൽ താമസിച്ച് എംഎസ്സി ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് പഠിച്ചു വരികയാണ്. പഠനത്തോടൊപ്പം ആങ്കറിംഗ് ഉൾപ്പെടെയുള്ള പാർട്ട് ടൈം ജോലികൾക്കും പോകുന്നുണ്ട്.
നാട്ടിലായാലും വിദേശത്തായാലും മോഡലിംഗും ആങ്കറിംഗും പഠനത്തിനും ജോലിക്കും ഒപ്പം തുടരാനാണ് തീരുമാനം. ഫോട്ടോഗ്രാഫർ സാജു ഇതു കൂടാതെ രണ്ടു വർക്കുകളുടെ തിരക്കിലാണ് ഇപ്പോൾ. ചട്ടയും മുണ്ടും അണിഞ്ഞ കാതിൽ കടുക്കനിട്ട ക്രിസ്ത്യാനി വല്യമ്മയാണ് ഒന്ന്. മറ്റൊന്ന് രാജാ രവിവർമ ചിത്രത്തിന്റെ പുനഃരാവിഷ്കാരമാണ്. ഇത് രണ്ടും പുതുവർഷത്തിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് അദ്ദേഹം.
ഇതിലും മലയാളി യുവതികൾ തന്നെയാണ് വേഷമിടുന്നത്. സാജു രണ്ടാം തവണയാണ് ലണ്ടനിൽ എത്തുന്നത്. ഇപ്പോൾ രണ്ടുവർഷമായി അവിടെ തുടരുകയാണ്.
വർഷങ്ങളായി യുകെയിൽ പ്രവർത്തിച്ചുവരുന്ന സുഹൃത്തുക്കളായ രാജേഷ് നാടേപ്പള്ളി, സോജി തോമസ് എന്നിവരോട് ചേർന്ന് ബെറ്റർ ഫ്രണ്ട്സ് എന്ന പേരിൽ 2011 മുതൽ സ്റ്റുഡിയോയും നടത്തിവരുന്നു. ഇതിന്റെ ഭാഗമായാണ് ഫോട്ടോഷൂട്ടുകൾ നടത്തുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു റീച്ചാണ് ഈ ഫോട്ടോ ഷൂട്ടിന് ലഭിച്ചതെന്ന് സാജു അത്താണി രാഷ്ട്രദീപികയോട് പറഞ്ഞു.