എത്ര ഫോട്ടോ എടുത്താലും മതിയാകാത്ത ചില ആളുകളുണ്ട്. ചിലർക്ക് ഫോട്ടോ എടുത്തു കൊടുക്കുന്നതിലാണ് കന്പമെങ്കിൽ മറ്റു ചിലർക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനാണ് ഇഷ്ടം.
ഇപ്പോഴിതാ തന്റെ ഭാര്യയുടെ ഫോട്ടോ എത്രയെടുത്തിട്ടും മതിയാകാത്ത ഒരു വൃദ്ധന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വാട്ട് ഷീ ഡു എന്ന ഇന്സ്റ്റാഗ്രാം പേജിലാണ് ഈ മനോഹര കാഴ്ച പങ്കുവച്ചിരിക്കുന്നത്.
പരന്ന് കിടക്കുന്ന പുൽത്തകിടിയിൽ നിൽക്കുകയാണ് ഒരു വൃദ്ധയായ സ്ത്രീ. സാരിയാണ് വേഷം. ഫോട്ടോ എടുക്കുന്നതിനായി നന്നായി ചിരിച്ച് പ്രസന്ന വദനയായി ആണ് അവർ നിൽക്കുന്നത്. ഫോട്ടോ എടുക്കുന്നത് മറ്റാരുമല്ല, തന്റെ ഭർത്താവാണ്. തന്റെ എസ്എൽആർ കാമറ ഉപയോഗിച്ചാണ് അദ്ദേഹം ഫോട്ടോ എടുക്കുന്നത്. എന്നാൽ തന്റെ പ്രിയതമയുടെ ഫോട്ടോ എത്രയെടുത്തിട്ടും അദ്ദേഹത്തിനു മതിയാകുന്നില്ല. വീണ്ടും വീണ്ടും അദ്ദേഹം ക്ലിക് ചെയ്തുകൊണ്ടിരുന്നു.
കുറേക്കൂടി നല്ല ഫോട്ടോ എടുക്കുന്നതിനായി അദ്ദേഹം നിലത്ത് മുട്ട് കുട്ടി നിൽക്കുന്നതു വീഡിയോയിൽ കാണാം. ഫോട്ടോയ്ക്ക് ശേഷം ഇരുവരും എഴുന്നേറ്റ് പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഇതിന്റെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
പ്രായമൊക്കെ വെറും നന്പർ മാത്രമാണ്, മനസ് ഇപ്പോഴും ഇവരുടെ യൗവനങ്ങളിലാണെന്ന് ഭൂരിഭാഗം ആളുകളും കുറിച്ചു. വയസ് ആയാലും പ്രേമത്തിനോട് മടുപ്പ് തോന്നരുത്, ഇവരെ കണ്ട് പഠിക്കൂ എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.