വിശ്വാസികളല്ലാത്തവര്‍ പോലും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, ശബരിമലയില്‍ സ്ത്രീകള്‍ കയറുമെന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുമായ നിരവധിയാളുകള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിജ്ഞകളും എടുത്തിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു, ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ പകുതി മീശ വടിച്ചേക്കാമെന്ന് പ്രഖ്യാപിച്ച യുവാവ്. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതോടെ പ്രഖ്യാപിച്ച വാക്ക് പാലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതേ യുവാവ്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് കുറിപ്പു സഹിതം മീശ വടിച്ചുവെന്ന് ഇദ്ദേഹം വ്യക്തമാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു യുവാവിന്റെ പോസ്റ്റ്. എന്നാല്‍ സംഭവം വൈറലായതോടെ യുവാവ് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.
നേരത്തെ ശബരിമലയില്‍ പോലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട രാജേഷ് തന്നെയാണ് വാക്ക് പാലിച്ച് മീശ വടിച്ചിരിക്കുന്നത്. ശബരിമലയിലെ പോലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ഭക്തനെ പോലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തിലെ മോഡലായിരുന്നു ഇയാള്‍.
ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് സ്വദേശിനിയായ ബിന്ദുവും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. വിഷയത്തിന്റെ പേരില്‍ സംസ്ഥാനത്തെങ്ങും സംഘര്‍ഷം തുടരുകയാണ്.