ഫോട്ടോഷോപ്പിലും ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിലുമൊക്കെയുള്ള ഫോട്ടോ എഡിറ്റിംഗ് സങ്കേതങ്ങൾ ഈ കലാകാരിയുടെ കരവിരുതിനു മുന്പിൽ ഒന്നുമല്ലെന്നു പറയേണ്ടിവരും. ഡെയ്ൻ യൂണ് എന്ന ദക്ഷിണകൊറിയൻ സ്വദേശിനിയാണ് തന്റെ മുഖം കാൻവാസാക്കി വിസ്മയം തീർക്കുന്നത്.
ഭ്രമാത്മക ചിത്രരചനയിൽ അതിവിദഗ്ധയായ ഈ ഇരുപത്തിനാലുകാരി മേക്കപ്പ് ചായക്കൂട്ടുകൾ മാത്രമുപയോഗിച്ചാണ് മുഖത്ത് സ്പെഷൽ ഇഫക്ട്സ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഡെയ്ൻ തന്റെ മുഖത്തൊരുക്കിയ വർണ വിസ്മയം കണ്ടാൽ എഡിറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നു പറയുക പ്രയാസം.
സമൂഹമാധ്യമങ്ങളിൽ ഒരു വർഷം മുന്പുതന്നെ തന്റെ മുഖചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നെങ്കിലും എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചവയാണെന്നു കരുതി ആളുകൾ അവഗണിക്കുകയായിരുന്നുവെന്നു ഇവർ പറയുന്നു. പിന്നീട് വരയ്ക്കുന്നതിന്റെ ലൈവ് വീഡിയോ പോസ്റ്റുചെയ്തതോടെയാണ് ആളുകൾ വിശ്വസിച്ചു തുടങ്ങിയതെന്നും ഡെയ്ൻ പറഞ്ഞു. എന്തായാലും ഇപ്പോൾ ഡെയ്ന്റെ ചിത്രങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.