കോട്ടയം: പുരയ്ക്കു തീപിടിക്കുമ്പോള്‍ വാഴവെട്ടുന്ന ചിലര്‍ രംഗത്ത്. പോസ്റ്റ് ഓഫീസുവഴി കറന്‍സിമാറാനെത്തിയവരെ ചൂഷണം ചെയ്തു ഫോട്ടോസ്റ്റാറ്റ് കടക്കാരും ലോട്ടറി വില്‍പ്പനക്കാരും. പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോം പൂരിപ്പിച്ചു തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ്് കോപ്പി കൂടി നല്‍കിയാലേ പോസ്റ്റ് ഓഫീസില്‍ നിന്നും ജനങ്ങള്‍ക്ക് കറന്‍സി മാറാന്‍ സാധിക്കുകയുള്ളൂ. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഫോട്ടോസ്റ്റാറ്റ് കടക്കാരും ചില ലോട്ടറി തൊഴിലാളികളും.
തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എത്തുന്നവരോട് മൂന്ന് മുതല്‍ അഞ്ചു രൂപവരെയാണ് കടക്കാര്‍ ഈടാക്കുന്നത്. അതും തോന്നുംപടി. പോസ്റ്റ്ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം ലോട്ടറി കച്ചവടക്കാരുടെ കൈകളിലും ഫോട്ടോസ്റ്റാറ്റ് കടകളിലും ലഭ്യമാണ്. ഇത്തരം ഫോമുകള്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നത് അഞ്ചുരൂപയ്ക്കാണ്. പോസ്റ്റ് ഓഫീസുകളില്‍ ജനത്തിരക്കേറിയതോടെ ഫോമുകള്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.