കൂത്തുപറമ്പ്: ഫോട്ടോസ്റ്റാറ്റ് മെഷീൻ കേടായതു കാരണം യഥാസമയം കോടതിയിൽ നിന്നും കേസ് സംബന്ധമായ രേഖകൾ അനുവദിച്ചു കിട്ടാതെ ഒന്നരവർഷത്തോളമായി കക്ഷികളും അഭിഭാഷകരും ദുരിതത്തിൽ. കൂത്തുപറമ്പ് മുൻസീഫ് കോടതിയിലാണ് ഈ ദുരിതാവസ്ഥ. പുതിയ മെഷീൻ വാങ്ങാനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തിയായിട്ടും കോടതിയിൽ മെഷീൻ സ്ഥാപിക്കാനുള്ള നടപടി അനന്തമായി നീളുന്നതാണു ദുരിതമാകുന്നത്. കോടതിയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മെഷീൻ കേടായിട്ട് ഏതാണ്ട് രണ്ടു വർഷത്തോളമായി.
ഇതിനാൽ ഒന്നര വർഷം മുന്പുതന്നെ പുതിയൊരു മെഷീൻ വാങ്ങാൻ നടപടികൾ ആരംഭിച്ചു. ഇതേ തുടർന്നു ക്വട്ടേഷൻ നടപടികളും പൂർത്തിയായി. എന്നാൽ തുടർനടപടികൾ തടസപ്പെടുകയായിരുന്നു. ജില്ലാ കോടതിയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.ഫോട്ടോസ്റ്റാറ്റ് മെഷീൻ തകരാറായതു കാരണം കേസ് സംബന്ധമായ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടു കൊണ്ടുള്ള അഞ്ഞൂറോളം അപേക്ഷകളാണു കഴിഞ്ഞ ഒന്നരവർഷമായി കെട്ടിക്കിടക്കുന്നത്.
കോടതിയിൽ പ്രത്യേക അപേക്ഷ നല്കിയാൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ രേഖകൾ പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കോപ്പിയെടുത്തു നല്കാൻ അനുമതിയുണ്ടെങ്കിലും ഇതുമൂലം കക്ഷികൾക്കു സാമ്പത്തീക നഷ്ടവും നേരിടുന്നുണ്ട്. അപ്പീലുകൾ നല്കുന്നതിനുൾപ്പെടെ കേസിന്റെ തുടർ നടപടികൾക്കും മറ്റും അത്യാവശ്യമായിട്ടുള്ളതാണു വിധി പകർപ്പ്. ഇവ യഥാസമയം ലഭിക്കാത്തതു കാരണം ബാങ്ക് ലോൺ, വീടു നിർമാണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കും കക്ഷികൾക്കു തടസം നേരിടുന്നുമുണ്ട്.