ചേർത്തല: ചേര്ത്തലയിലെ ബിജെപിയില് തര്ക്കം. ബിജെപി നേതാവുകൂടിയായ ഭര്ത്താവിന്റെ ഗാർഹിക പീഡനത്തിലാണ് പാര്ട്ടിക്കുള്ളില് തര്ക്കം ഉടലെടുത്തത്. നേതാവിന്റെ ഭാര്യയും ചേര്ത്തല നഗരസഭ കൗണ്സിലറും ബിജെപി വനിതാ നേതാവുമായ രാജശ്രീ ജ്യോതിഷാണണ് പരാതിയുമായി പാര്ട്ടി നേതൃത്വത്തെ സമീപിച്ചത്.
നഗരസഭ 13-ാം വാർഡ് കൗൺസിലറും ബിജെപി പ്രവർത്തകയുമായ രാജശ്രീ ജ്യോതിഷാണ് നിയോജകമണ്ഡലം പ്രസിഡന്റിനു കത്ത് നൽകിയത്. നഗരസഭ മുൻ കൗൺസിലറും ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ഡി. ജ്യോതിഷിനെ പുറത്താക്കണമെന്നാണ് ആവശ്യം.
ഉപദ്രവം സഹിക്കാനാകാതെ ബിജെപി ജില്ലാ പ്രസിഡന്റിനെയും ആർഎസ്എസ് നേതൃത്വത്തെയും അറിയിക്കുക മാത്രമല്ല, പരാതിപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ വനിതാ കമ്മീഷനിൽ പരാതി നൽകുകയും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് പരാതി കൈമാറുകയും ചെയ്തു.
വനിതാ ശിശുക്ഷേമ ഓഫീസറുടെ റിപ്പോർട്ടിൽ ചേർത്തല മജിസ്ട്രേട്ട് കോടതിയെടുത്ത കേസ് നിലനിൽക്കെ കഴിഞ്ഞ 20ന് രാത്രി തന്നെയും മകളെയും ദേഹോപദ്രവം ഏൽപ്പിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടെന്ന് രാജശ്രീ കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച് ചേർത്തല പോലീസിൽ പരാതിനൽകി.
ശാരീരിക ഉപദ്രവവും മാനസികപീഡനവും പതിവാക്കിയ ഭർത്താവിനെ ബിജെപി സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്ന് പരാതിയില് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.