വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുഎസ് അധ്യാപികയ്ക്ക് 30 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
മദ്യവും ലഹരിവസ്തുക്കളും നൽകിയാണ് മേരിലാൻഡിൽനിന്നുള്ള മെലിസ കർട്ടിസ് (32) വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും 25 വർഷത്തേക്കു ലൈംഗിക കുറ്റവാളിയായി മെലിസയെ കണക്കാക്കും. അവരുടെ കുട്ടികളെ ഒഴികെ, പ്രായപൂർത്തിയാകാത്തവരുമായി മേൽനോട്ടമില്ലാതെ കാണാൻപോലും ശിക്ഷാകാലത്ത് അനുവദിക്കില്ല.
2023 ഒക്ടോബറിലാണു പീഡനാരോപണവുമായി വിദ്യാർഥി രംഗത്തെത്തിയത്. തുടർന്ന്, കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെലിസയുടെ മേൽനോട്ടത്തിലുള്ള ആഫ്റ്റർ-സ്കൂൾ പ്രോഗ്രാമിൽ കൗമാരക്കാരൻ ചേർന്നിരുന്നു.
തുടർന്നാണ് മെലിസയുമായി കൗമാരക്കാരൻ പരിചയത്തിലാകുന്നത്. 2015 ജനുവരി മുതൽ മേയ് വരെ മെലിസയുടെ വാഹനത്തിലും വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി കൗമാരക്കാരനെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിനെത്തുടർന്ന് ഇവരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.