തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴന്പില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകി.
മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയാണ് ചോർന്ന ചോദ്യപേപ്പറെന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 21നു നടത്തിയ ഫിസിക്സ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായായിരുന്നു പരാതി.
തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്ക് വാട്ട്സ് ആപ്പ് വഴി ചോദ്യപേപ്പർ ലഭിക്കുകയും തുടർന്ന് അദ്ദേഹം അതു ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർക്ക് തുടർനടപടിക്കായി അയച്ചു നൽകുകയും ചെയ്തു.
ഇതിനെ തുടർന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കുകയായിരുന്നു. ചോദ്യപേപ്പർ പകർത്തി എഴുതി തയാറാക്കിയ രീതിയിലായിരുന്നു വാട്ട്സ് ആപ് വഴി പ്രചരിച്ചിരുന്നത്.