പി. ജയകൃഷ്ണൻ
കണ്ണൂർ: ജില്ലയിലെ പ്രധാന ഗവ. ആയുർവേദ ആശുപത്രിയിൽ വനിതകളുടെ വാർഡിൽ അഡ്മിറ്റായ വീട്ടമ്മയ്ക്കുനേരെ ഫിസിയോതെറാപ്പിക്കിടെ ലൈംഗികാതിക്രമം.
പ്രതിയായ ജീവനക്കാരനെതിരേ പരാതി നല്കിയ നഴ്സിന് നേരെ ഉദ്യോഗസ്ഥ പീഡനം. കഴിഞ്ഞമാസം ആദ്യവാരം അഡ്മിറ്റായ കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയെ ഫിസിയോതെറാപ്പിക്കിടെ കരാർ ജീവനക്കാരനായ പുരുഷ തെറാപ്പിസ്റ്റ് ഗൈനക്കോളജി ഡോക്ടർ പരിശോധിക്കുന്ന രീതിയിൽ പരിശോധിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഇക്കാര്യം വീട്ടമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ഇക്കാര്യം രേഖാമൂലം മേൽ ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തു.
മേൽപ്പറഞ്ഞ കാര്യം സൂപ്രണ്ടിന്റെയടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായില്ല.
പകരം മോശമായ അനുഭവം നേരിട്ട സ്ത്രീയുടെ പരാതി മേലുദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയ നഴ്സിനോട് വിശദീകരണം ചോദിക്കാനാണ് ഉദ്യോഗസ്ഥ പ്രമുഖർ ശ്രമിച്ചതെന്നതാണ് ആക്ഷേപം.
ജോലിയിൽ തുടരാൻ അനുവദിച്ചത്….
സെപ്റ്റംബർ ആറിന് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ആരോപണ വിധേയനായ കരാർ ജീവനക്കാരനെ 12 വരെ ജോലിയിൽ തുടരാൻ അനുവദിച്ചു.
13, 14 തിയതികളിൽ ലീവും അനുവദിച്ചശേഷം ടെർമിനേഷൻ ഓൺ റിക്വസ്റ്റ് നൽകിയാണ് ജോലിയിൽനിന്നു പറഞ്ഞുവിട്ടത്. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഇവിടെ കരാർ ജീവനക്കാരനായി തുടരുകയായിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ പരാതി നേരിട്ട് മേലുദ്യോഗസ്ഥന് നൽകിയത് ശരിയായില്ലെന്നാണ് ഇപ്പോൾ പരാതി നൽകിയ നഴ്സിന് കൊടുത്ത നോട്ടീസിലുള്ളത്.
ഇത്തരം പരാതിയിൽ വ്യക്തിയുടെ പേരുവിവരങ്ങൾ ചേർത്ത് രഹസ്യസ്വഭാവം സൂക്ഷിക്കാതെ മറ്റുള്ളവർക്കുകൂടി അറിയാവുന്നവിധം വെളിപ്പെടുത്തി നൽകിയത് ശരിയല്ലെന്നും ഡ്യൂട്ടി നഴ്സിനു നൽകിയ നോട്ടീസിലുണ്ട്.
ഇത്തരം പരാതികൾ ഉണ്ടാകുന്നപക്ഷം ഡ്യൂട്ടി നഴ്സ്, നഴ്സിംഗ് സൂപ്രണ്ട് വഴി ഡ്യൂട്ടി മെഡിക്കൽ ഓഫീസർ, അല്ലെങ്കിൽ ചീഫ് മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്ത് തുടർനടപടി സ്വീകരിക്കുകയാണ് വേണ്ടത്.
ഇപ്രകാരം ചെയ്യാത്ത സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കണമെന്നും നോട്ടീസിൽ പറയുന്നു. രോഗിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ പേരിൽ നഴ്സിനെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പീഡിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം.