ഹരിപ്പാട്: കായലിൽ നങ്കൂരമിട്ടിരുന്ന രണ്ടു മത്സ്യബന്ധനവള്ളങ്ങളിൽ നിന്നു പിത്തള വളയങ്ങൾ മോഷണം പോയ കേസിൽ ഒരാളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കുറുങ്ങാട്ടു വീട്ടിൽ പ്രശാന്തി(42)നെയാണ് അറസ്റ്റു ചെയ്തത്.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ്ഐ അജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ഷിജു, ഇക്ബാൽ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡു ചെയ്തു. ആറാട്ടുപുഴ പഴയകണ്ടങ്കേരിൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാൽ വള്ളത്തിലും നാലുതെങ്ങിൽ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് കഴിഞ്ഞയാഴ്ച മോഷണം നടത്തിയത്.
ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കു ഭാഗത്ത് കുന്നുംപുറത്ത് കടവിൽ കായലിലാണ് രണ്ടു ലൈലാൻഡ് വളളങ്ങളും നങ്കൂരമിട്ടിരുന്നത്. വലകൾ അറത്തുമുറിച്ചു ഒരുകിലോ തൂക്കം വരുന്ന നൂറോളം പിത്തള വളയങ്ങളാണ് ഒരോ വളളത്തിൽ നിന്നു കൊണ്ടുപോയത്.
റോപ്പും അറത്തു നശിപ്പിച്ചു. രണ്ടു വളളങ്ങൾക്കും കൂടി അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. അറസ്റ്റിലായ പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.