മുക്കം: വയനാട്ടില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് ജയിച്ചു കയറിയ രാഹുല്‍ഗാന്ധി തിരികെ വോട്ടര്‍മാരെ കണ്ട് നന്ദി പറയുവാനായി മണ്ഡല പര്യടനം നടത്തിയപ്പോള്‍ ചോര്‍ന്നത് നിരവധി ആളുകളുടെ കീശ. ഒരിടത്ത് തന്നെ പത്തും പതിനഞ്ചും പേരുടെ വരെ പോക്കറ്റടിച്ചു. ജനക്കൂട്ടം മുമ്പില്കണ്ട് പോക്കറ്റടിക്കാരുടെ വന്‍സംഘം തന്നെ കളത്തിലിറങ്ങിയെന്നാണ് നിഗമനം. ലക്ഷങ്ങളാണ് ഇവര്‍ ചുരുങ്ങിയ സമയത്തിനകം പലരുടെയും പോക്കറ്റുകളില്‍ നിന്ന് സ്വന്തം പോക്കറ്റിലാക്കിയത്.കോഴിക്കോടു ജില്ലയില്‍ ഈങ്ങാപ്പഴയിലെ സ്വീകരണവും റോഡ് ഷോയും കഴിഞ്ഞ് രണ്ടാമത്തെ കേന്ദ്രമായ മുക്കത്തെത്തിയപ്പോള്‍ 12 മണിയായി.
ഇതിനിടെ ഇവിടെ നുറുകണക്കിലാളുകള് തടിച്ചുകൂടി.പൊലീസിന്റെ നിര്‍ദ്ദേശങ്ങളും റോഡരുകില്‍ കെട്ടിപ്പൊക്കിയ ബാരിക്കേഡുമൊന്നും ഗൗനിക്കാതെയാണ് പാര്‍ട്ടി പതാകകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങളിലും അല്ലാതെയും റോഡില്‍ തലങ്ങും വിലങ്ങും ‘ഷോ ‘ കാണിച്ചത്. മുക്കത്ത് നേരത്തെ അഗ്നി രക്ഷാനിലയമായിരുന്ന കെട്ടിടത്തിന്റെ പരിസരത്തുവച്ചാണ് രാഹുലും മറ്റു നേതാക്കളും തുറന്ന വാഹനത്തില്‍ കയറി റോഡ് ഷോ ആരംഭിച്ചത്.ഈ സമയം ആവേശം മൂത്ത അനുയായികള്‍ വിലക്കുകളെല്ലാം ലംഘിച്ച് തിക്കും തിരക്കുമുണ്ടാക്കിയതാണ് പോക്കറ്റടിക്കാര്‍ക്ക് ചാകരയ്ക്ക് അവസരമൊരുക്കിയത്.
ഒറ്റയടിക്ക് 15 ആളുകളുടെ പോക്കറ്റാണ് ഇതിനിടെ കാലിയായത്. പണം മാത്രമല്ല എ ടി എം കാര്‍ഡും ലൈസന്‍സും ഉള്‍പെടെയുള്ള രേഖകളാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. കടുവയെ പിടിക്കുന്ന കിടുവ എന്നതു പോലെ പോക്കറ്റടിക്കപ്പെട്ടവരില് രാഷ്ട്രീയപ്രവര്‍ത്തകരും ജനപ്രതിനിധികളും ഉണ്ടെന്നതാണ് കൗതുകം. മുക്കം നഗരസഭ കൗണ്‍സിലര്‍ റഹമത്തിന്റെ ഭര്‍ത്താവ് വി ടി ബുഷൈര്‍, പഞ്ചായത്തംഗമായിരുന്ന ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ്, മുക്കം ബാങ്ക് ഡയരക്ടര്‍ മുനീര്‍ എന്നിവര്‍ പണം നഷ്ടമായവരില്‍ പെടും. മുക്കത്തുമാത്രമല്ല രാഹുല്‍ ഗാന്ധിയുടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പോക്കറ്റടിക്കാര്‍ കളംവാണെന്നാണ് വിവരം.