പത്തനംതിട്ട: ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമായ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ പത്തനംതിട്ട പുന്നലത്തുപടിയില്‍ ഇന്നു രാവിലെ 6.45 നായിരുന്നു അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് തല്‍ക്ഷണം മരിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറിയുടെ ഡ്രൈവര്‍ നീലഗിരി കുനൂര്‍ സ്വദേശി അജിത എന്നിവരാണ് മരിച്ചത്.
പിക്കപ്പ് വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമായിരുന്നു പിക്കപ്പ് വാന്‍. സീതത്തോട്ടിലെ പരിപാടിക്കുശേഷം മടങ്ങുകയായിരുന്ന വാന്‍ കോഴഞ്ചേരി ഭാഗത്തുനിന്നു പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി വന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണംവിട്ട ലോറി സമീപത്തെ മതിലും തകര്‍ത്ത് റോഡരികിലേക്കു മറിഞ്ഞു. വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും ഇതര വാഹനങ്ങളിലെത്തിയവരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിക്കപ്പ് വാനിലുണ്ടായിരുന്നവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
പുന്നപ്ര സ്വദേശിയുടേതാണു പിക്കപ്പ് വാന്‍. ഒരു മണിക്കൂറോളം ടികെ റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പറയുന്നു.