കണ്ണൂര്: കൂട് വിട്ട് ഒന്ന് പാറിപ്പറന്ന “പിക്കാച്ചു’ ഒരിക്കൽ പോലും കരുതിക്കാണില്ല തന്റെ പേരിൽ അവകാശത്തർക്കമുണ്ടാകുമെന്നും പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമെന്നും.
തന്റെ ഉടമയെ കബളിപ്പിച്ച് പാറിപ്പറന്ന ആഫ്രിക്കൻ തത്തയാണ് ഒടുവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നത്.
കഴിഞ്ഞദിവസമാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഫ്രിക്കൻ തത്ത പറന്നെത്തിയത്.
ആളുകളോട് ഏറെ ഇണക്കം കാട്ടിയ തത്തയെ ആശുപത്രിയിലെ ഒരു ഡോക്ടർ കൂട്ടിലാക്കി ഭക്ഷണം നൽകുകയും ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ കണ്ണൂർ തളാപ്പിൽനിന്നും തിരൂരിൽനിന്നുമുള്ള രണ്ടുപേർ തത്തയുടെ അവകാശമുന്നയിച്ച് രംഗത്തെത്തി.
ഇതോടെ അരലക്ഷത്തോളം രൂപ വിലവരുന്ന തത്തയെ പോലീസ് സ്റ്റേഷനിലാക്കി. തത്തയുടെ ഉടമയാരെന്നതിനെക്കുറിച്ച് പോലീസിനും വ്യക്തമായ തീരുമാനമെടുക്കാനായില്ല.
ഇതിനിടെ തത്ത അതിഥി എന്ന പേര് പറഞ്ഞു. ഇതോടെ പോലീസ് ഈ പേരുമായി ബന്ധമുള്ള ആരെങ്കിലും അവകാശവാദമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചു.
കണ്ണൂർ തളാപ്പിൽനിന്നെത്തിയ അന്പിളി എന്നയാളുടെ പേരായിരുന്നു തത്ത പറഞ്ഞത്. ഇതോടെ അന്പിളിയെ പോലീസ് വിളിച്ചുവരുത്തി.
അന്പിളിയെ കണ്ട് പിക്കാച്ചു സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹം ചൂളം വിളിച്ചപ്പോൾ നൃത്തമാടുകയും ചെയ്തതോടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിന് പരിഹാരമാകുകയായിരുന്നു.