മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ -പെരുമ്പാവൂര്‍ എംസി റോഡില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് ഇന്ന് രാവിലെ 7.30ഓടെ ഉണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സജാദ്(32) ആണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയ സജാദിനെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
സജാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂവാറ്റുപുഴ പോലീസും, ഫയര്‍ പോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.