കാട്ടാക്കട: പിക്നിക്ക് എന്നപേരിൽ ശശികുമാർ സംവിധാനം ചെയ്ത പ്രേംനസീർ ചിത്രത്തിലെ പിക്നിക്ക് ഹാൾ.. നെയ്യാർഡാമിലെ ആകർഷകമായി മാറിയ ആ ഹാൾ ചിത്രീകരണത്തിന് വേദിയായപ്പോൾ ചിത്രത്തിന് ഇട്ട പേരും അതായിരുന്നു.
സഞ്ചാരികൾക്ക് അടയാളമായിരുന്ന പിക്നിക്ക് ഹാൾ ഇടിച്ചു നിരത്തി ഇവിടെ മ്യൂസിയം സ്ഥാപിക്കാൻ നടത്തിയ ശ്രമം എങ്ങും എത്തിയില്ല. 2017 ൽ തുടങ്ങിയ പദ്ധതി ഇപ്പോൾ എങ്ങും എത്താത്ത നിലയിൽ.
മുൻപ് വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും പിക്നിക് ഹാൾ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. അന്ന് ഡാമിലെ പിക്നിക്ക് ഹാൾ ആയിരുന്നു എല്ലാം.
നെയ്യാറിലെ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ മിക്ക സമ്മേളനങ്ങളും ചേരുന്നതും ഇവിടെ വച്ചായിരുന്നു. ഡാമിലെത്തുന്ന സഞ്ചാരികൾക്ക് കൂടി ഉപകാരപ്പെട്ട ഒന്നായിരുന്നു പിക്നിക്ക് ഹാൾ. സിനിമ കൂടി ഹിറ്റ് ആയതോടെ പിക്നിക്ക് ഹാളിന്റെ പേരും വർധിച്ചു.
എന്നാൽ കാലപ്പഴക്കം കാരണം ഹാൾ ഉപയോഗശൂന്യമായതോടെ പൊതു പരിപാടികൾക്ക് ഇവിടെ ആരും എത്താതെയായി.തുടർന്നാണ് പൊതുജനങ്ങളെ ആകർഷിക്കാൻ നെയ്യാർഡാമിന്റെ മുഖച്ചാർത്തായ പിക്നിക് ഹാൾ നിലനിർത്തണം എന്ന ചിന്തയോടെ മുൻ ചീഫ് എൻജിനിയർ മഹാനുദേവൻ എൻജിനിയറിംഗ് മ്യൂസിയം എന്ന ആശയം മുന്നോട്ടുവച്ചത്.
ആദ്യകാല എൻജിനിയറിംഗ് ഉപകരണങ്ങൾ സംരക്ഷിച്ചു പുതു തലമുറയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയും മ്യൂസിയം എന്ന ആശയത്തിലേക്ക് എത്തിച്ചുവെന്ന് മഹാനുദേവൻ പറഞ്ഞു.
ഐഡിആർബി റിസർച്ച് ബോർഡിലും കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയിലും ഉപയോഗിച്ചിരുന്ന ആദ്യകാല ഉപകരണങ്ങളാണ് ഇവിടെ പ്രദർശനത്തിന് എത്തിക്കാൻ തീരുമാനിച്ചത്.
കണക്കുകൾ നോക്കുന്നതിനായി ഉപയോഗിച്ച ലോഗരിതം ടേബിൾ, സ്ലൈഡ് റൂൾ വരയ്ക്കാനായി ഉപയോഗിച്ച പീസ്ക്വയർ, മിനി ഡ്രാഫ്റ്റെർ വെള്ളം അളക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോളജി ഉപകരണങ്ങൾ, ആദ്യകാലങ്ങളിൽ ഉപയോഗത്തിൽ ഇരുന്ന മറ്റ് ഉപകരണങ്ങൾ , ഓട്ടോമാറ്റിക് സംവിധാനവും കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളും നിലവിൽ വന്നതോടെ അന്യം നിന്നു പോയ ഉപകരണങ്ങൾ തുടങ്ങി എല്ലാം ഇവിടെ പ്രദർശിപ്പിക്കാനാണ് മ്യൂസിയം രൂപപ്പെടുത്തിയത്.
മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ 65 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് 12 ലക്ഷവും അനുവദിച്ചു. 2017 ൽ തുടങ്ങിയ പദ്ധതി മൂന്ന് മാസത്തിനുള്ളിൽ തുറന്നു നൽകാൻ തയാറാണെന്ന് അധിക്യതർ പറഞ്ഞിരുന്നതാണ്.
എന്നാൽ വർഷം മൂന്നായി . ഇപ്പോൾ ഹാളുമില്ല, മ്യൂസിയവുമില്ല.