നിലന്പൂർ: എട്ടംഗ മോഷണ സംഘത്തിലെ രണ്ടുപേരെ നിലന്പൂർ പോലീസ് പിടികൂടി. നിലന്പൂർ ചക്കാലകുത്ത് പാടത്തിൽ വീട്ടിൽ രതീഷ് (35), നിലന്പൂർ പട്ടരാക്ക പനോല ഷാജഹാൻ (35) എന്നിവരാണ് അറസ്റ്റിലായത്. നിലന്പൂരിലെ ബാറുകളിലും ബീവറേജ് ഷോപ്പിലും വരുന്ന ആളുകളെ ആക്രമിച്ചു പണവും മറ്റും തട്ടിയെടുക്കുന്നുവെന്ന നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിലന്പൂർ സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നാളുകളായി നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതിനിനിടെയാണ് കാപ്പിൽ തെക്കുംപാടം സ്വദേശി വട്ടപ്പറന്പിൽ ജോർജിന്റെ കൈവശമുണ്ടായിരുന്ന മുപ്പതിനായിരം രൂപ ഒരു സംഘം പിടിച്ചുപറിച്ചതായി പരാതി ലഭിച്ചത്. പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പോലിസിന്റെ പിടിയിലായത്. ചോദ്യം ചെയ്തതിൽ മുന്പു നിരവധി തവണ ഒട്ടേറെ ആളുകളുടെ കയ്യിൽ നിന്നു ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.
പലരും സംഘത്തിന്റെ ഭീഷണി കാരണം പരാതിപ്പെട്ടിരുന്നില്ല. സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിഐക്കു പുറമേ എസ്ഐ റസിയ ബംഗാളത്ത്, പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്ഐ ശശികുമാർ, റെന്നി ഫിലിപ്പ്, ടി.ശ്രീകുമാർ, മുഹമ്മദ് ഷാഫി പന്ത്രാല എന്നിവരാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.