സ്വന്തം ലേഖകൻ
കണ്ണൂർ: സ്ത്രീകളുടെ വേഷംകെട്ടി കണ്ണൂർ നഗരത്തിൽ പിടിച്ചുപറി സംഘം. രാത്രി 10 കഴിഞ്ഞാൽ കണ്ണൂർ നഗരത്തിൽ എത്തുന്നവരാണ് ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ആറോളം കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നിവടങ്ങളിൽ നിന്നുള്ള 25 ഓളം പേർ പിടിച്ചുപറി സംഘത്തിലുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്ന യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ഇവരുടെ മോഷണം. കൂടാതെ ആൾക്കാരെ വശീകരിച്ച് കൊണ്ടുപോയി പണം പിടിച്ചുവാങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. മുനീശ്വരൻകോവിൽ റോഡ്, താളിക്കാവ്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
ചിലപ്പോൾ സംഘടിച്ച് നിന്ന് കൂട്ടമായി പോകുന്ന യാത്രക്കാരുടെ നേരെ അസഭ്യവർഷവും നടത്താറുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. ലോഡ്ജുകളിൽനിന്ന് സ്ത്രീകളുടെ വേഷം ധരിച്ചാണ് നഗരത്തിൽ ഇവരെത്തുന്നത്. മനോഹരമായി മേക്കപ്പ് ചെയ്യുന്ന ഇവർ അതിസുന്ദരിമാരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
യുവാക്കളാണ് ഇത്തരത്തിൽ വേഷം മാറിയെത്തുന്നത്. നഗരത്തിലെ ഇടുങ്ങിയ കെട്ടിടങ്ങളിൽ ഇരുട്ടിന്റെ മറവിൽ തന്പടിക്കുന്ന ഇവർ യാത്രക്കാരെ ഒറ്റയ്ക്കാണെന്ന് കണ്ടാൽ പിന്തുടരുകയും വെളിച്ചമില്ലാത്ത സ്ഥലത്ത് വച്ച് ആക്രമിക്കുകയും ചെയ്യുകയാണ്.
ചിലർ സ്ത്രീ വേഷം കെട്ടി തനിയെ നഗരത്തിന്റെ ഇടവഴിയിൽ നിൽക്കും. അപ്പോൾ ആരെങ്കിലും ചില “ഇടപാടുകൾക്കായി’ ഇവരെ സമീപിക്കുകയും പതുങ്ങി നിൽക്കുന്നവർ ആക്രമിക്കുകയാണും പതിവ്.ഇത്തരം ആക്രമണങ്ങൾക്കിരയാകുന്നവർ മാനഹാനിമൂലം പരാതി നല്കാനും തയാറാകുന്നില്ല. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷനിൽനിന്ന് പഴയ സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്ന യാത്രക്കാരന്റെ രണ്ടരപവന്റെ മാല പൊട്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.