കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികള്‍ പിടിയില്‍.
കാഞ്ഞങ്ങാട് നാട്ടുകല്‍ സ്വദേശി പാലക്കുഴിയില്‍ ശ്രീജിത്ത് (32), പേരാമ്പ്ര ചേനോളി പനമ്പറമ്മല് പി.നിസാര്‍ (32), കുറ്റ്യാടി കുനിയില്‍ അബ്ദുള്‍ ജലീല്‍ എന്ന ഖലീല്‍ (39)എന്നിവരാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ബേപ്പൂര്‍ സ്വദേശി ടി.കെ. സുരേഷിനെയാണ് ആക്രമിച്ചത്. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് ബസില്‍ നിന്നിറങ്ങുന്നതിനിടെ പ്രതികളില്‍ ഒരാള്‍ സുരേഷിനെ തള്ളിയിടുകയായിരുന്നു.
ബസില്‍നിന്ന് റോഡില്‍ വീണ സുരേഷിനെ പിടിച്ച് എഴുന്നേല്പ്പിക്കാനെന്ന വ്യാജേനെ മൂന്ന് പ്രതികള്‍ രംഗത്തെത്തി.
എഴുന്നേല്‍പ്പിക്കുന്നതിനിടെ സുരേഷിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും പഴ്സ് ബലമായി പിടിച്ചുപറിച്ച് ടൗണ്‍ ഹാള്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്ന് സുരേഷും സുഹൃത്തുകളും നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ മാനാഞ്ചിറ ഭാഗത്തു നിന്നും പിടികൂടി. വിവരം ടൗണ്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ടൗണ്‍ എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കണ്ടെത്തിയത്.
ഇവര്‍ സ്ഥിരം പിടിച്ചുപറി നടത്തുന്നവരാണെന്ന് പോലീസ് അറിയിച്ചു. കസബ പോലീസിലും പ്രതികള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്.
അതേസമയം കോഴിക്കോട് സ്വദേശിയായ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് എസ്ഐ പറഞ്ഞു. ഇയാളെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
എസ്ഐ സലിം, എസ്സിപിഒ പി. ഉദയകുമാര്‍, ടി.കെ. ബിനില്‍ കുമാര്‍, സജേഷ് കുമാര്‍, സിപിഒ അനൂജ്, രതീഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രതികളെ പിടികൂടിയത്.