എടക്കര: കാടിറങ്ങിയ പിടിയാന വീട് തകർത്തു, കുട്ടികൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. വഴിക്കടവ് വെള്ളക്കട്ട വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ചെന്പ്രാൻ വിജയന്റെ വീടാണ് ഞായറാഴ്ച പുലർച്ചെ മൂന്നോടെ കാട്ടാന തകർത്തത്.
പത്ത് വർഷമായി പ്ലാസ്റ്റിക് ഷീറ്റുകളും മുളകളും ഉപയോഗിച്ച് മേഞ്ഞതും പാതി ചുമരുകൾ കെട്ടിയതുമായ കൂരയിലാണ് ചെന്പ്രാൻ വിജയനും ഭാര്യ ലതികയും രണ്ട് കുട്ടികളും താമസിച്ചുവന്നിരുന്നത്.
ഞായറാഴ്ച വിജയന്റെ സഹോദര പുത്രനും ഈ വീട്ടിലേക്ക് വിരുന്നെത്തിയിരുന്നു. വെള്ളക്കട്ട വനാതിർത്തിയോട് ചേർന്നുള്ള വീട്ടിൽ ഉറങ്ങാൻ കിടന്ന ഇവർ സമീപ വനത്തിൽ കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
കാട്ടാനയെ പേടിച്ച് വിജയനും ലതികയും ഉറക്കമൊഴിച്ച് കുട്ടികളെ മാറോട് ചേർത്ത് കൂരയിൽ കഴിഞ്ഞു. പുലർച്ചെ മൂന്നോടെ സമീപത്ത് താമസിക്കുന്ന വിജയന്റെ സഹോദരൻ വിനോദിന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന വാഴകളും മറ്റും നശിപ്പിച്ചു.
ബഹളം വെച്ചും ടോർച്ചടിച്ചും ആനയെ ആട്ടിയകറ്റാനുള്ള ശ്രമത്തിനിടയിൽ ചിന്നം വിളിച്ച് ഇവർക്ക് നേരെ ചീറിയടുത്ത ആന ഇവരുടെ വീടിന്റെ ചുമരുകൾ ചവിട്ടിത്തകർക്കുകയും മേൽക്കൂര പിടിച്ചുവലിക്കുകയും ചെയ്തു.
ഇതിനിടയിൽ കുട്ടികളെയും ഭാര്യയേയും വിജയൻ വീട്ടിൽ നിന്നും മാറ്റിയിരുന്നു. അൽപസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്.
രാവിലെ വിവരമറിഞ്ഞ് ജില്ല പഞ്ചായത്തംഗം അഡ്വ.ഷെറോണ റോയ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ, മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.സാവിത്രി, സി.പി.എം ലോക്കൽ സെക്രട്ടറി വി.വിനയചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കാട്ടാനയെ ചെറുക്കാൻ വനാതിർത്തിയിൽ ഫെൻസിംഗ് കാര്യക്ഷമമാക്കണമെന്നും പേടികൂടാതെ അന്തിയുറങ്ങാൻ സംവിധാനം ഒരുക്കണമെന്നുമാണ് വിജയന്റെയും കുടുംബത്തിന്റെയും ആവശ്യം.