ചിറ്റൂർ: ഒരു മാസത്തിനകം കൊയ്ത്തിനു പാകമാവുന്ന നെൽകൃഷി പന്നികൂട്ടം ഉഴുതു നശിപ്പിച്ചു. നെടുന്പള്ളീ രവീന്ദ്രന്റെ അഞ്ചേക്കർ നെൽപ്പാടത്താണ് പന്നികൾ കുട്ടമായിറങ്ങി സർവ്വനാശം വരുത്തിയിരിക്കുന്നത്.നടീൽ വളം വീശൽ, കളപറി ഉൾപ്പെടെ ഏക്കറിനു ഇരുപത്തഞ്ചായിരത്തോളം ചിലവു വരുന്നുണ്ട്.
വയലിൽ വെള്ളമിറക്കിയാൽ പന്നികൾ ഇനിയും നാശം വരുത്തുമെന്ന ആശങ്കയിലാണ് കർഷകൻ പ്രദേശത്തെ കുറ്റിച്ചെടികൾക്കിടയിൽ തന്പടിച്ചിരിക്കുന്ന പന്നികൾ ഇപ്പോൾ പകൽ സമയത്തു പോലും കാണപ്പെടുന്നുണ്ട്.
വയലിനു ചുറ്റുപാടുള്ള വീടുകളിലുളളവർ രാത്രിയായാൽ പുറത്തിറങ്ങാൻ പോലും ഭയപ്പാടിലായിരിക്കുകയാണ്.രാത്രി സമയത്ത് ബസ്സിറങ്ങി നെടുന്പള്ളം റോഡിൽ നടന്നു പോവുന്നവർ ഓലപ്പടക്കവും കരുതാറുണ്ട്.
രാത്രി സമയങ്ങളിൽ വീടുകൾക്കു പുറകിലെത്തി പച്ചക്കറി തൈകളെ പിഴുതെറിക്കുന്നതിനു പുറമെ പാത്ര ശുചീകരണത്തിനും സംഭരിച്ച ജലവും കുടിച്ചു തീർത്താണ് പന്നികൂട്ടം തിരിച്ചു പോവുന്നത്.
കഴിഞ്ഞ രണ്ടു വർഷം മുൻപ് വരെ വെള്ളം ലഭിക്കാതെയും ഓല കരിച്ചൽ കാരണവുമാണ് കൃഷി നാശം ഉണ്ടായത്.
എന്നാൽ ഈ പ്രശ്നത്തിനു പരിഹാരമുണ്ടായതോടെ കർഷക അധ്വാനം മുഴുവൻ നിഷ്ഫലമാക്കുംവിധം വന്യമൃഗശല്യം കൂടി വരുകയാണ്. ശല്യക്കാരായ പന്നികളെ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ തീർത്തും പ്രായോഗികമല്ലെന്നതാണ് കർഷകരുടെ ആവലാതി.