ബെയ്ജിംഗ്: മഹാമാരിയാകാൻ സാധ്യതയുള്ള പുതിയ പകർച്ചപ്പനി വൈറസ് ചൈനയിൽ ഗവേഷകർ കണ്ടെത്തി. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിക്കാം.
പരിവര്‍ത്തനം ചെയ്യുന്ന രോഗാണു അതിവേഗം വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വ്യാപിക്കുകയും ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു.
മനുഷ്യരെ ബാധിക്കാന്‍ കടുത്ത സാധ്യതകളാണുള്ളത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പുതിയതായതിനാൽ മനുഷ്യര്‍ക്ക് ഈ വൈറസിനെതിരെ പ്രതിരോധശേഷി കുറവായിരിക്കാം. മുൻകരുതൽ ഇല്ലെങ്കിൽ ലോകമെങ്ങും പടർന്നേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു.
2009ലുണ്ടായ പന്നിപ്പനിക്ക് സമാനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചപ്പനിയെന്നാണ് റിപ്പോര്‍ട്ട്. “ജി4 ഇഎ എച്ച്1എന്‍1′ എന്നാണ് ഈ വൈറസിന് പേരിട്ടിരിക്കുന്നത്.
മനുഷ്യന്റെ കോശങ്ങളില്‍ പെരുകാനുള്ള കഴിവാണ് ഈ വൈറസിനെ കൂടുതൽ അപകടകാരിയാക്കുന്നതെന്നും ഗവേഷകർ പറയുന്നു.ചൈനയിലെ കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവരില്‍ രോഗബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളിലെ വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികൾ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ ഗവേഷകർ ആവശ്യപ്പെടുന്നു.
കൊറോണ വൈറസിലാണ് നാമിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അപകടകാരിയായ പുതിയ വൈറസുകളെ അവഗണിക്കരുത്. ജാഗ്രത പാലിക്കണമെന്നും നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ കിന് ചൊ ചാംഗ് പറഞ്ഞു.