വാഷിംഗ്ടൺ ഡിസി: അവയവങ്ങൾക്കായി കാത്തിരിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസ വാർത്ത. അമേരിക്കയിൽ മസ്തിഷ്കമരണം സംഭവിച്ചയാൾക്കു പന്നിയുടെ വൃക്ക വിജയകരമായി വച്ചുപിടിപ്പിച്ചു. ഒരു മാസമായി ഈ വൃക്ക ശരിയായി പ്രവർത്തിക്കുന്നു.
മോറിസ് മോ മില്ലർ (57) എന്നയാൾക്കാണ് ന്യൂയോർക്കിലെ എൻവൈയു ലാംഗോൺ ഹെൽത്തിൽ വൃക്ക മാറ്റിവച്ചത്. ന്യൂറോളിക്കൽ പ്രശ്നങ്ങളാൽ മരിച്ചതായി പ്രഖ്യാപിച്ച് വെന്റിലേറ്ററിന്റെ സഹായത്താൽ 32 ദിവസത്തിനുശേഷവും ഹൃദയമിടിപ്പ് നിലനിർത്തുകയും ചെയ്തിരുന്ന മോറിസിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്.
ജൂലൈ 14നായിരുന്നു ശസ്ത്രക്രിയ നടന്നത്. മാറ്റിവച്ച വൃക്ക 32 ദിവസമായി ശരിയായി പ്രവർത്തിക്കുന്നു. രണ്ടു മാസത്തേക്കുകൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് ലാംഗോൺ ഹെൽത്തിലെ സർജറി വിഭാഗം പ്രഫസർ റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.
മോറിസിന്റെ മൂത്രം പോകുന്നുണ്ടെന്നും മാറ്റിവച്ച വൃക്ക, മനുഷ്യവൃക്കയേക്കാൾ നന്നായി പ്രവർത്തിക്കുന്നുവെന്നും മോണ്ട്ഗോമറി കൂട്ടിച്ചേർത്തു. മുന്പും ലാംഗോൺ ഹെൽത്തിൽ മനുഷ്യനിൽ പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ചിട്ടുണ്ട്.
അമേരിക്കയിൽ നാലു കോടി ആളുകൾക്ക് സ്ഥായിയായ വൃക്കരോഗമുണ്ട്. അവയവങ്ങൾക്കായി കാത്തിരിക്കുന്ന 17 പേർ അമേരിക്കയിൽ ദിവസവും മരിക്കുന്നുവെന്നു നാഷണൽ കിഡ്നി ഫൗണ്ടേഷൻ അറിയിച്ചു