കോട്ടയം: കോട്ടയം ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തെയും പന്നികളെ കൊന്നു സംസ്കരിക്കും. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളില്‍നിന്നുള്ള പന്നിമാംസ വിതരണവും വില്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. മറ്റു പ്രദേശങ്ങളിലേക്ക് പന്നി, പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളില്‍നിന്നു രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കൊന്നു സംസ്കരിക്കുന്നത്. ഇതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയാണ്. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.
ആഫ്രിക്കന്‍ പന്നിപ്പനി എച്ച്1എന്‍1 പന്നിപ്പനിയില്നിന്നു വ്യത്യസ്തമാണ്. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്നതിനാല്‍ ഇതു മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പടരില്ല. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധ മരുന്നോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതിയാണു പന്നിപ്പനി വൈറസ് സൃഷ്ടിക്കുക.