മുംബൈ: ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്താനായി എത്തിയതെന്ന നിഗമനത്തിൽ എട്ടുമാസം മുൻപ് പോലീസ് കസ്റ്റഡിയിലെടുത്ത് വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രാവിനെ പോലീസിന്റെ അനുമതിയോടെ ഇന്നലെ ആശുപത്രി അധികൃതർ തുറന്നുവിട്ടു.
കഴിഞ്ഞവർഷം മേയിലാണ് ചെമ്പൂരിലെ പിർ പാവു ജെട്ടിയിൽനിന്നു പ്രാവിനെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർസിഎഫ്)ഉദ്യോഗസ്ഥർ പിടികൂടുന്നത്. പറേലിലെ ബായി സകാർബായി ദിൻഷോ അനിമൽ ഹോസ്പിറ്റലിലാണ് ഈ പ്രാവ് കഴിഞ്ഞിരുന്നത്.
പ്രാവിനെ പിടികൂടുമ്പോൾ രണ്ടു വളയങ്ങൾ കാലുകളിലുണ്ടായിരുന്നു. ഇവയിൽ ചൈനീസ് ഭാഷയായ മാൻഡരിനിൽ എഴുതിയ സന്ദേശവുമുണ്ടായിരുന്നതായി എഫ്ഐആറിലുണ്ട്. ഇതാണ് ചാരപ്രവർത്തനത്തിനായി ചൈന അയച്ചതാണ് പ്രാവ് എന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.
എന്നാൽ, പിന്നീടു നടന്ന അന്വേഷണത്തിൽ തായ്വാനിൽ ഒരു റേസിംഗ് മത്സരത്തിൽ പങ്കെടുത്ത പ്രാവാണിതെന്നും അബദ്ധത്തിൽ ഇന്ത്യയിലെത്തിയതാണെന്നും കണ്ടെത്തി. വൈദ്യപരിശോധനയിൽ പ്രാവിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു കണ്ടതോടെയാണ് തുറന്നുവിടാൻ പോലീസ് അനുമതി നല്കിയത്.