ഗാന്ധിനഗർ: ചാക്കിൽ നിറച്ചുവച്ച പ്രാവിൻ കാഷ്ഠം കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കെഎസ്ഇ ബി സബ് സ്റ്റേഷനിലാണ് സംഭവം.
സബ് സ്റ്റേഷന്റെ മേൽക്കൂരയിലെ സീലിംഗ് അടർന്നു താഴെ വീഴുക പതിവായിരുന്നു. ഒരു വർഷത്തോളമായി സീലിംഗ് വീഴുവാൻ തുടങ്ങിയിട്ട്. സീലിംഗ് ഇല്ലാത്തതിനാൽ നൂറു കണക്കിന് പ്രാവുകൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് കാഷ്ഠിക്കുകയും കൂടു കുട്ടുകയും ചെയ്തിരുന്നു.
ഇതു മൂലം ആശുപത്രിയിലേക്ക് വൈദ്യുതി നൽകുന്ന പാനൽ ബോർഡ് ചില സമയങ്ങളിൽ പ്രവർത്തന രഹിതമാകുന്നു. കെട്ടിടത്തിനുള്ളിൽ പ്രാവുകൾ പ്രവേശിച്ച് പാനൽ ബോർഡിലേക്ക് കാഷ്ഠിക്കുന്നതാണ് വൈദ്യുതി ബന്ധം നിലയ്ക്കാൻ കാരണമെന്നും അതിനാൽ പ്രാവുകൾ പ്രവേശിക്കാതിരിക്കുവാൻ കെട്ടിടത്തിന് സീലിംഗ് നിർമിക്കണമെന്നും കെഎസ്ഇബി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരിന്നു.
ഒരു വർഷമായി ആവശ്യപ്പെട്ട കാര്യം കഴിഞ്ഞ ആഴ്ചയിൽ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ മായാ സുനിൽ ഇടപെടുകയും വെള്ളിയാഴ്ച മേൽക്കൂര നിർമാണം ആരംഭിക്കുകയും ചെയ്തു.
മേൽക്കൂരയുടെ അവശേഷിച്ച ഭാഗം പൊളിച്ചു. ഈ സമയം പ്രാവിൻ കാഷ്ഠം തറയിലേക്ക് വീഴുവാൻ തുടങ്ങി. തുടർന്ന് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരെ വിളിച്ചു വരുത്തി വൃത്തിയാക്കി. വൃത്തിയാക്കുന്നതിനിടെ രണ്ട് ചാക്കിൽ കാഷ്ഠം നിറച്ചു വച്ചു.
പിന്നീട് ചാക്കിന്റെ എണ്ണം തികയാതെ വന്നതിനെ തുടർന്ന് ജീവനക്കാർ മൂന്നു ചാക്കു കൂടി കൊണ്ടുവന്നപ്പോൾ ആദ്യം നിറച്ചു വച്ച രണ്ട് ചാക്ക് കാഷ്ഠം കാണാതായി. ഇതേ ചൊല്ലി തർക്കമുണ്ടായി. തർക്കവും ബഹളവും രൂക്ഷമായതോടെ ജീവനക്കാർ തന്നെ എടുത്തു മാറ്റിയതാണെന്ന് സമ്മതിച്ചതോടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.