ഓമന മൃഗങ്ങളെ വീടിനുള്ളിൽ വളർത്തുന്നത് പുതുമയുള്ള കാര്യമല്ല. നായ, പൂച്ച തുടങ്ങിയ മൃഗങ്ങൾക്കാണ് ഇങ്ങനെ വീടിനുള്ളിൽ താമസിക്കാനുള്ള യോഗം പലപ്പോഴും ലഭിക്കുന്നത്.
യജമാനൊപ്പം കാറിലും വിനോദകേന്ദ്രങ്ങളിലേക്കും പോകാനും ഇഷ്ട ഭക്ഷണവും ഇവർക്ക് സ്വന്തമാണ്. എന്നാൽ പന്നിയെ ആരെങ്കിലും വീടിനുള്ളിൽ താമസിപ്പിക്കുമോ?
വീടിന്റെ പരിസരത്തുപോലും പന്നിയെ വളർത്താൻ പറ്റില്ലെന്നാണ് ചിലരുടെ വാദം. പന്നികൂട് എന്നത് ദുർഗന്ധം വമിക്കുന്ന സ്ഥലമാണ്.
ചെളിയിലും മാലിന്യത്തിലുമാണ് പന്നിയുടെ വാസം. ഇങ്ങനെ ജീവിക്കുന്ന പന്നിയെ വീടിനുള്ളിൽ താമസിപ്പിച്ചാലോ?
സ്കോട്ട്ലാൻഡ് സ്വദേശിനിയായ മൊറാഗ് സാങ്സ്റ്ററാണ് വീടിനുള്ളിൽ പന്നിയെ വളർത്തുന്നത്. ഫ്രാൻസിസ്കോ എന്നു വിളിക്കുന്ന പന്നിയെ ഒരു തണുപ്പുകാലത്ത് വീടിനുള്ളിൽ കയറ്റിയതാണ്.
പിന്നെ കക്ഷി പുറത്തിറങ്ങിയിട്ടില്ല. ഫ്രാൻസിസ്കോയെ സ്കോട്ട്ലാൻഡിലുള്ള മറ്റൊരു വീട്ടുകാരുടെ കൈയിൽ നിന്നും ദത്തെടുത്തതാണ്.
ഇപ്പോൾ 130 കിലോയോളം ഭാരമുണ്ട് ഫ്രാൻസിസ്കോയ്ക്ക്. വീടിനുള്ളിൽ ഫ്രാൻസിസ്കോ വൃത്തിയുള്ള ജീവിതമാണ് നയിക്കുന്നതെന്നാണ് മൊറാഗ് പറയുന്നത്. മലമൂത്ര വിസർജനമെല്ലാം പുറത്താണ് നിർവഹിക്കുന്നത്.
പന്നിക്ക് ഉറങ്ങാൻ പ്രത്യേക സൗകര്യങ്ങളാണുള്ളത്. പ്രത്യേക മുറിയും കിടക്കയുമെല്ലാം തയ്യാർ. ഫ്രാൻസിസ്കോയ്ക്ക് വീടിനുള്ളിൽ പൂർണ സ്വാതന്ത്ര്യമാണ്.
ഇടയ്ക്ക് ചില വസ്തുക്കൾ നശിപ്പിക്കുകയും ചില സ്ഥലങ്ങളിൽ സ്ക്രാച്ച് വീഴിക്കുകയും ചെയ്യുകയല്ലാതെ വേറെ ഉപദ്രവും പന്നിയെക്കൊണ്ടില്ലെന്നാണ് ഇവർ പറയുന്നത്.
ആദ്യ കാലത്ത് പുറത്ത് മറ്റ് പന്നികൾക്കൊപ്പം ഫ്രാൻസിസ്കോയെ കൊണ്ടാക്കിയെങ്കിലും വൈകാതെ തിരിച്ചുപോരുകയായിരുന്നു.