പെരുവന്താനം: മോഷണത്തിന്ശേഷമുണ്ടായ അപകടം മോഷ്ടാവിന് മാനസാന്തരത്തിന് വഴിയൊരുക്കിയതോടെ മോഷണമുതലുകൾ തിരികെ നൽകി. കണയങ്കവയൽ, വാതല്ലൂർ, ജോർജ്കുട്ടിയുടെ 250 രൂപയടങ്ങിയ പഴ്സ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സൂക്ഷിച്ചിരുന്ന ബാഗ് മുണ്ടക്കയത്തു നിന്നും മോഷണം പോയിരുന്നു.
മോഷണത്തിനു ശേഷം മടങ്ങും വഴി മോഷ്ടാവ് അപകടത്തിൽപ്പെട്ട് ആശുപത്രിക്കിടക്കയിലുമായി. മാസങ്ങളോളം ആശുപത്രിയിലായിരുന്ന ഇയാൾക്ക് ആശുപത്രി വാസത്തിനിടെയാണ് മാനസാന്തരം ഉണ്ടായത്. ബാഗ് മോഷ്ടിച്ചതിനാലാണ് അപകടം ഉണ്ടായതെന്ന് മനസിലായതായും ഇനി ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്നും കുറിപ്പു സഹിതം മോഷണമുതലുകൾ പെരുവന്താനം പോലീസിന് തപാൽ മാർഗം അയച്ചാണ് ഇയാൾ പ്രായശ്ചിത്തം ചെയ്തത്.