ആലപ്പുഴ: പോക്സോ കേസിൽ കുടുക്കി പ്രതിയാക്കി മാനേജ്മെന്റ് സസ്പെൻഡ് ചെയ്ത എസ്ഡിവി ഗേൾസ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ എസ്. വേണുവിനെ സർവീസിൽ തിരിച്ചെടുക്കാത്ത മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് മാതൃകാ സംസ്കൃത പഠനകേന്ദ്രത്തിലെ പൂർവ വിദ്യാർഥികളും കുട്ടികളുടെ അമ്മമാരും പ്രതിഷേധവുമായി രംഗത്തെത്തി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ തിരിച്ചടുക്കാൻ മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പഠനകേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപകീർത്തിപ്പെടുത്തി മാനസികമായും തൊഴിൽപരമായും നിരന്തരം പീഡിപ്പിക്കുന്നതിനെതിരേയാണ് മാനേജർക്കെതിരേ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തതിനു ശേഷം ഒരുവർഷം കഴിഞ്ഞാണ് ചില വിദ്യാർഥികളുടെ രക്ഷകർത്താക്കളെ സ്വാധീനിച്ച് വേണുവിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
യാതൊരു കടലാസും നൽകാതെ ജൂലൈ ആദ്യ പകുതിയിൽ വാക്കാൽ ഉത്തരവിട്ടു പത്തു ദിവസത്തോളം അവധിയെടുപ്പിച്ചു. പിന്നീട് ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എസ്. വേണു ക്രിമിനൽകേസ് ഫയൽ ചെയ്തു. ഇതിനുശേഷം പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട വേണു ഹൈക്കോടതിയെ സമീപിച്ചു.
കോടതിയിൽ നിന്നും കഴിഞ്ഞ സെപ്റ്റംബർ മൂന്നിനു ജാമ്യം അനുവദിച്ചു. എസ്ഡിവി ബോയ്സ് ഹൈസ്കൂളിലേക്കു മാറ്റി നിയമിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവായി.
വ്യക്തി വിരോധം തീർക്കാനാണ് ഒരു അധ്യാപകനോടു ക്രൂരമായ സമീപനം സ്വീകരിച്ചതെന്നാണ് പൂർവ വിദ്യാർഥികളുടെ ആരോപണം. കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതായതിനാൽ വിധി എന്തുതന്നെ ആയാലും നിലവിലെ ഉത്തരവ് അനുസരിച്ച് വേണുവിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് പൂർവ വിദ്യാർഥികളായ എൻ. രമേശൻ, ശാന്താ ഗോപിനാഥ്, ടോണി, കെ.പി.സി. നായർ, എൻ. ഗോപിനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.